തിരക്കിട്ട തൊഴിൽ മേളകള്‍ക്കിടയിലെ ജന്മദിനാഘോഷ വിശേഷങ്ങള്‍ പങ്കിട്ട് മുന്‍ മന്ത്രി തോമസ് ഐസക്. ഇത്തവണത്തെ ഹാപ്പി ബർത്ത് ഡേ ആശംസകൾ പതിവിലേറെ കൂടുതൽ ആയിരുന്നുവെന്നും, പാർട്ടി സെക്രട്ടറിയേറ്റ് ആയിരുന്നതുകൊണ്ട് ഫോണുകളൊന്നും എടുക്കാനായില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പിന്നെ ഉച്ച കഴിഞ്ഞു തിരുവനന്തപുരം ടീമിന്റെ യോഗം. അവർജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കേക്ക് കരുതിയിരുന്നു.
തിരുവനന്തപുരം ജില്ല പുറകിലാണ്. എട്ടു തൊഴിൽ മേളകളെ ആയിട്ടുള്ളു. 1744 പേര് പങ്കെടുത്തു. 25% പേർക്കേ ജോലി ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരം നഗരത്തിൽ ഇനിയും തൊഴിൽമേളകൾ നടക്കേണ്ടതുണ്ട്. അതാണ് ഇത്രയ്ക്ക് പുറകിൽ പോവാൻ കാരണം. പക്ഷെ ഇന്നത്തെ യോഗം വലിയ ആത്മവിശ്വാസം നൽകുന്നതായിരുന്നു.
ആദ്യം തിരുവനന്തപുരത്തെ ടീം ഏതാണ്ട് പൂർണ്ണമായിട്ടുണ്ട്. ഇനി ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ മതി. വർക്കളയും, വാമനപുരവും അടക്കം 8 തൊഴിൽമേളകൾ ഉടൻ നടക്കാനുണ്ട്. ഇതുവരെ നടന്ന തൊഴിൽ മേളകളുടെ പോരായ്‌മകൾ അവിടെ നികത്താൻ ആവും.
ഏറ്റവും പ്രധാനപ്പെട്ട പോരായ്‌മ പൊതുവിൽ തൊഴിൽ അന്വേഷകരെ മേളയ്ക്ക് വിളിച്ചു കൂട്ടുകയാണ് ചെയ്യുന്നത്. അവിടെ വെച്ചാണ് ഏത് അഭിമുഖത്തിന് പോവണം എന്നവർ തീരുമാനിയ്ക്കുന്നത്. ഇനിമേൽ ഇതിലൊരു മാറ്റം വരുത്തുകയാണ്. ജോലികൾ കൃത്യമായി എല്ലാവരെയും അറിയിക്കുന്നു. ഓരോ ജോലിക്കും വേണ്ടവർ പ്രത്യേകമായി അയൽക്കൂട്ടം വഴി കണ്ടെത്തും. അവർക്ക് ചെറിയൊരു തയ്യാറെടുപ്പ് പരിശീലനം നൽകിയിട്ടായിരിക്കും മേളയിൽ പങ്കെടുപ്പിക്കുക.
ഇത്തരത്തിൽ മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ ഇതുവരെയുള്ള അനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തു പിരിയും മുൻപാണ് കേക്ക് വാങ്ങിയത്. ചെറിയൊരു ജന്മദിനാഘോഷത്തിനു ശേഷമാണ് ടീം പിരിഞ്ഞത്. ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെയും ഉണ്ട് കേക്ക്. അനിയൻ ആന്റണിയുടെ ബർത്ത്ഡേയും ഇന്നുതന്നെ. ഫ്ലാറ്റിൽ ആളുകൾ കുറവായിരുന്നെങ്കിലും ആഘോഷം ഇന്റർനാഷണൽ ആയിരുന്നു. ദുബായിൽ നിന്ന് ശ്രീകുമാരിയും കൂട്ടരും, ലണ്ടനിൽ നിന്ന് ആര്യ, വാഷിങ്ങ്ടണ്ണിൽ നിന്ന് ഡോറ തുടങ്ങിയവർ ഓൺലൈൻ ആയി ഉണ്ടായിരുന്നു. ഫ്ളാറ്റിലെ സ്ഥിരം അന്തേവാസി രണനാഥ് ചെറിയൊരു ബൈക്ക് അപകടം പറ്റി വീട്ടിൽ റെസ്റ്റിലാണ്. എന്നാൽ രണനാഥും ഓൺലൈനായി ആഘോഷത്തിൽ പങ്കെടുത്തു. ജന്മദിനാശംസകൾ നേർന്നവർക്കെല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.