ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിഞ്ഞു വീണ അധ്യാപകന്‍റെ മേൽ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകൻ കുമളി മുരിക്കടി സ്വദേശി ജോയ്‌സ് പി. ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ പുളിയൻമല -തൊടുപുഴ റോഡിൽ കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്.

പുളിയൻമല ഭാഗത്തു നിന്നും കട്ടപ്പന ഭാഗത്തേയ്ക്ക് വരികയായിരുന്ന ജോയ്സിന്‍റെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം എതിരെ വന്ന ലോറി ദേഹത്തു കൂടി കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ജോയ്സിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ക്രൈസ്റ്റ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ജോയ്സ് ഇപ്പോൾ ഇവിടെ ബി. ബി.എ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ENGLISH SUMMARY:

Puliyanmala accident resulted in the tragic death of a teacher. The accident occurred when his bike collided with an auto-rickshaw and a lorry ran over him.