യുവജന ക്ഷേമബോർഡിന്റെ സെഷനിൽ സംസാരിച്ചിറങ്ങിയപ്പോഴുണ്ടായ അനുഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷ്. അവിടെ നിന്നിറങ്ങുമ്പോള്‍, ക്യാമ്പിലെ അംഗങ്ങൾ ഫോട്ടോയെടുക്കാൻ വന്നുവെന്നും, ഒരു യുവതി തന്റെ തോളിൽ കൈയിട്ട് ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നെന്ന് താല്പര്യം പറഞ്ഞതായും അദ്ദേഹം കുറിച്ചു.
ആ ഫോട്ടോയും മൂന്ന് കവിതകളും അഞ്ച് കഥകളും വാട്‌സ് ആപ്പിൽ വന്നപ്പോൾ ഒഴിവാക്കാൻ വേണ്ടി "വായിച്ച് അറിയിക്കാം" എന്ന അലസൻ മറുപടിയാണ് കൊടുത്തത്.. ജാഡ കാണിക്കാൻ എന്റെ ഏറ്റവും പുതിയ കഥയുടെ പി ഡി എഫ് ഞാൻ തിരിച്ചയച്ചുകൊടുത്തു.
"ഇത് നിങ്ങളുടെ മികച്ച കഥയായി തോന്നിയില്ല.." അരമണിക്കൂറിൽ വന്ന യുവതിയുടെ മറുപടി ഉള്ളിൽ കടുത്ത നിരാശയുണ്ടാക്കി. ദാ ഇപ്പോൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലിരുന്ന് അവളെ വായിച്ചു.
കറുത്ത നന്ദിനിയും വെളുത്ത കുട്ടികളും, ശ്യാമനന്ദനം, ഭ്രാന്തി, പെൺ ദൈവത്തിന്റെ മരണം, പർപ്പിൾപ്പൂമരങ്ങൾ അഞ്ച് കഥകൾ..
നവംമ്പർ 23, രണ്ട് പെണ്ണുങ്ങൾ ,നഷ്ടപ്പെട്ട നിറങ്ങൾ. കഥയാണോ കവിതയാണോ തന്റെ വഴിയെന്ന് ഇനിയും തിരഞ്ഞെടുത്തിട്ടില്ല. എന്നാലും ഒന്നുറപ്പ് അവർ ഇതിൽ ഏതിലായാലും ഒരു കരുത്തൻ വഴിവെട്ടും. പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്ന ധൈര്യം ഭാഷയിലെ കരുത്ത്. പറച്ചിലിന്റെ ഒഴുക്ക്. മുൻപ് വായിച്ച പലരിൽ നിന്നും ഈ യുവതി വേറിട്ട് നിൽക്കുന്നു.
എന്റെ കൈയിലുള്ള പതിപ്പുകളുടെ എല്ലാ മെയിൽ വിലാസവും ആ യുവതിക്ക് അയച്ചു. ഇതെല്ലം അച്ചടിയിൽ വരട്ടെ സാഹിത്യലോകം ചർച്ച ചെയ്യട്ടെ. എന്റെ കഥ മികച്ചതല്ലെന്ന് പറയാൻ പ്രിയപ്പെട്ട Archana Indira Sankar നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ എഴുത്തുകൾ അച്ചടിച്ച് വരാൻ താൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ഈ കുറിപ്പ് കെ.എസ്. രതീഷ് അവസാനിപ്പിക്കുന്നത്.