എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികൾക്ക് സുപ്രീംകോടതിയില്‍നിന്ന് ജാമ്യം. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് കർശന ഉപാധികളോടെ ജാമ്യമനുവദിച്ചത്. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മറ്റു ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാം.
ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്‍റെ എതിര്‍പ്പ് തള്ളിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളായ 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു, കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കുള്ള നാലുപേരുടെ ജാമ്യം പിന്നീട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നേരത്തെ ഈ നാല് പ്രതികൾക്കും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.