കള്ളന്മാര്‍ ബൈക്ക് അടിച്ചുകൊണ്ട് പോയി മാസങ്ങള്‍ പിന്നിട്ടിട്ടും, ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് ഇപ്പോഴും പെറ്റി കിട്ടിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട് തിരുവനന്തപുരം കല്ലറയില്‍. കല്ലറ പാകിസ്ഥാൻമുക്കിലെ അഷ്റഫിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ഈ വര്‍ഷം ഫെബ്രുവരി 24ന് രാത്രിയിൽ മോഷണം പോയത്.
എന്നാലിപ്പോഴും ഹെൽമറ്റ് ഇല്ലാതെ നെടുമങ്ങാട്, വർക്കല, കല്ലമ്പലം ഭാഗങ്ങളിൽ ബൈക്ക് ഓടിച്ചതിന് അഷ്റഫിന്റെ പേരിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പെറ്റിക്കായുള്ള നോട്ടീസയച്ചിട്ടുണ്ട്. ബൈക്കിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്.
വീട്ടുവളപ്പിൽ വെച്ചിരുന്ന ബൈക്ക് മോഷണം പോയി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ പതിവായി ഹെല്‍മറ്റില്ലാതെ ആരൊക്കെയോ യാത്ര ചെയ്യുന്നതിന് പെറ്റി വരുന്നുണ്ട്. പാങ്ങോട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
മോഷണമുണ്ടായി, 3 മാസത്തിന് ശേഷം നിരവധി കേസുകളിൽ പ്രതികളായ രണ്ടു പേരെ പൊലീസ് അഷ്റഫിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടാക്കൾ പള്ളിക്കലിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച് ഓടിച്ചു വരുന്നതിനിടെ അഷ്റഫിന്റെ വീടിന് സമീപമെത്തിയപ്പോൾ പെട്രോൾ തീര്‍ന്നിരുന്നു. അങ്ങനെ ആ ബൈക്ക് അവിടെ വച്ച് തീയിട്ട് നശിപ്പിച്ച ശേഷം, അഷ്റഫിന്റെ വീട്ടിലിരുന്ന ബൈക്കെടുത്ത് യാത്ര തുടര്‍ന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഇതുവരെ മോഷണം പോയ ബൈക്ക് കണ്ടെത്താൻ പാങ്ങോട് പൊലീസിനായിട്ടില്ല.