Image credit:Facebook/sujathamohan

Image credit:Facebook/sujathamohan

പ്രശസ്ത പിന്നണി ഗായികയായിരുന്ന രാധിക തിലകിന്‍റെ ഓര്‍മ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഗായിക സുജാത. 'നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല മോളേ' എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കിട്ട് ,സുജാത കുറിച്ചത്. 2015 സെപ്റ്റംബര്‍ 20നായിരുന്നു കാന്‍സര്‍ ബാധിതയായി രാധികയുടെ മടക്കം. സുജാതയുടെയും ഗായകന്‍ ജി.വേണുഗോപാലിന്‍റെയും അടുത്ത ബന്ധുവാണ് രാധിക. 

1991 ല്‍ പുറത്തിറങ്ങിയ  ‘മായാ മഞ്ചലിൽ’ എന്ന യുഗ്മഗാനം ജി. വേണുഗോപാലിനൊപ്പം പാടിയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  പിന്നീട് എഴുപതോളം സിനിമാ ഗാനങ്ങൾ ആലപിച്ചു. അരുണ കിരണ ദീപം, ദേവ സംഗീതം നീയല്ലേ (ഗുരു)‌, കൈതപ്പൂ മണം (സ്നേഹം), തിരുവാതിര, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.. (കൻമദം), നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപ സ്തംഭം മഹാശ്ചര്യം ), മനസിൽ മിഥുനമഴ (നന്ദനം) എന്നിവയാണു രാധികയുടെ ശ്രദ്ധേയ ഗാനങ്ങൾ. തൊണ്ണൂറുകളിൽ ദൂരദർശനിലും ആകാശവാണിയിലും നിത്യസാന്നിധ്യമായിരുന്ന രാധിക ആലപിച്ച  മലയാള പഴമ തൻ, ദ്വാപരയുഗത്തിന്റെ തുടങ്ങിയ  ലളിതഗാനങ്ങളും ഏറെ ജനപ്രിയമായി. 

കാസറ്റുകളിലൂടെയാണ് രാധികയുടെ സ്വരമാധുരി ആദ്യം ആരാധകരുടെ ഹൃദയം കീഴടക്കിയത്. 1992 ല്‍ പുറത്തുവന്ന 'തിരുനാമ കീര്‍ത്തനം' എന്ന ക്രിസ്തീയ ഭക്തിഗാനം അക്കാലത്തെ  സൂപ്പര്‍ ഹിറ്റായി. ആ പാട്ടിന്‍റെ പേരില്‍ മാത്രം പത്തുലക്ഷം കാസറ്റുകളാണ് വിറ്റഴിഞ്ഞത്.

ENGLISH SUMMARY:

Radhika Thilak, a celebrated Malayalam playback singer, is remembered by Sujatha Mohan. The article reflects on her contributions to Malayalam cinema and her memorable songs.