mammootty-facebookpost

പത്മഭൂഷൺ പുരസ്കാര നേട്ടത്തില്‍ നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി. പുരസ്‌കാരം നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങളും സർക്കാരിനും നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു. 'മാതൃരാജ്യത്തിന് നന്ദി' എന്നു തുടങ്ങുന്ന കുറിപ്പ് റിപ്പബ്ലിക് ദിനാശംസ നേർന്നാണ് അവസാനിക്കുന്നത്.

'മാതൃരാജ്യത്തിനു നന്ദി…. ‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ,' എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നടന് ആശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ അഭിമാന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. എട്ട് മലയാളികള്‍ക്കാണ് ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മമ്മൂട്ടിക്കും വി.എസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും പുരസ്‌കാരങ്ങളുണ്ട്. മരണാനന്തര ബഹുമതിയായാണ് വി.എസിന് പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. 

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിയെ തേടി പത്മഭൂഷൺ എത്തിയത്. ഇതിന് മുൻപ് 1998-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അതേസമയം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഒറ്റ ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്തി പത്രവുമാണ് മികച്ച നടന് ലഭിക്കുക.

ENGLISH SUMMARY:

Megastar Mammootty expressed his heartfelt gratitude to the nation after being honored with the Padma Bhushan. In a touching social media note shared on the 77th Republic Day, the actor thanked his 'motherland' for the recognition. The honor comes alongside his 7th Kerala State Film Award for his stellar performance in 'Bramayugam,' making it a double celebration for the legendary actor and his fans