ഏറ്റവും അധികം ജനപ്രീതിയുള്ള ട്രാവൽ യൂട്യൂബർമാരില്‍ ഒരാളാണ് മല്ലുട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ. യൂട്യൂബിൽ മാത്രമായി ഏകദേശം രണ്ടര മില്യൺ ആളുകളാണ് മല്ലുട്രാവലറിനെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി നിരവധിയാളുകളാണ് മല്ലുട്രാവലറിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു മല്ലു ട്രാവലറിന്‍റെ ആരോഗ്യം സംബന്ധിച്ച പോസ്റ്റ്.
‘തിരിച്ചുവരാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ തോറ്റുപോയി. ഇത് അവസാനമാണെന്ന് തോന്നുന്നു’ ഇതായിരുന്നു മല്ലു ട്രാവലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. പിന്നാലെ മല്ലു ട്രാവലറിന് കാൻസർ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളാണെന്ന ചർച്ചയും ഉയർന്നു. എന്നാൽ ഇപ്പോഴിതാ മല്ലു ട്രാവലർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളായിരുന്നെന്നാണ് മല്ലു ട്രാവലർ വീഡിയോയിൽ പറയുന്നത്, താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും മല്ലു ട്രാവലര്‍ പറയുന്നു.
‘മാനസികമായി തളർന്നതോടെ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തു. യാത്രകളൊന്നും ശാശ്വതമായ സമാധാനം നൽകിയില്ല. ഒരു ദിവസം എല്ലാം കൈവിട്ടുപോയി. പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു. അന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിട്ടത്. 10 ദിവസത്തോളം ചികിത്സ നടത്തി. സോഷ്യൽ മീഡിയ ഉപേക്ഷിച്ചു. നിങ്ങളുടെ മെസേജുകളും ഫോൺകോളുകളുമൊന്നും കണ്ടിരുന്നില്ല,10 ദിവസം മാറി നിന്നപ്പോൾ എച്ച്ഐവി ആണെന്നടക്കമുള്ള വാർത്തകൾ കണ്ടു. കാൻസറാണെന്നും പലരും പറഞ്ഞിരുന്നു’. ജീവിതത്തിൽ പണം കൊടുത്താൽ എന്തും നേടാമെന്നത് വെറും മിഥ്യാധാരണയാണെന്നും സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആത്മാർത്ഥമായ സൗഹൃദം നിലനിർത്തുകയെന്നതാണ് ജീവിതം പകർന്നുനൽകിയ പാഠമെന്ന് ഷാക്കിർ അഭിപ്രായപ്പെടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)