കാശ്മീരിൽ മാത്രമല്ല, വയനാടിനു പിന്നാലെ കുങ്കുമപ്പൂവ് ഇനി തൃശൂരിലും പൂക്കും. പുത്തൂർ സ്വദേശി ജെയിംസ് കാപ്പാനിയുടെ വീട്ടിലാണ് നിയന്ത്രിത സാഹചര്യങ്ങളിൽ കുങ്കുമപ്പൂവ് വിജയകരായി കൃഷി ചെയ്യുന്നത്. . പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ആണ് കൃഷി.
സൗദി ഡിഫൻസിൽ ജോലി ചെയ്തിരുന്ന ജെയിംസിന് നാട്ടിലെത്തിയപ്പോൾ എന്തെങ്കിലും കൃഷി ചെയ്യണമെന്ന് ഒരു ആഗ്രഹം. അങ്ങനെ സൗദിയിലേക്കും ദുബായിലേക്കും പച്ചക്കറികൾ കയറ്റുമതി ചെയ്തു വരുമാനം കണ്ടെത്തി. എന്നാൽ പിന്നീട് എന്തെങ്കിലും വെറൈറ്റി പിടിക്കണം എന്ന ചിന്തയായി. ആ ചിന്ത കൊണ്ട് എത്തിച്ചത് കുങ്കുമപ്പൂവ് കൃഷിയിലേക്ക്. ഇതിനായി കാശ്മീരിൽ പോയി ഒരാഴ്ച താമസിച്ചു കുങ്കുമപ്പൂവ് കൃഷിയെ കുറിച്ച് കൃത്യമായി പഠിച്ചു.
ഒരു മുറിയിൽ 12 ലക്ഷം രൂപ മുടക്കി അനുയോജ്യമായ സാഹചര്യങ്ങളൊരുക്കിയാണ് കൃഷി തുടങ്ങിയത്. 40000 രൂപ ഉപയോഗിച്ച് 10 കിലോ കുങ്കുമപ്പൂവിൻ്റെ വിത്ത് വാങ്ങി ടിഷ്യു കൾച്ചർ ചെയ്യാൻ ഉപയോഗിക്കുന്ന ട്രേകളിൽ പാകി. കേരളത്തിലെ കാലാവസ്ഥയെ വെല്ലുവിളിച്ച് അടഞ്ഞ മുറിയിൽ അൾട്രാ വയലറ്റ് ലൈറ്റുകൾ, താപനില നിയന്ത്രിക്കുന്നതിനായി എയർ കണ്ടീഷണർ, അന്തരീക്ഷ ഊഷ്മാവിനെ ക്രമപ്പെടുത്താൻ ഹ്യൂമിഡിഫെയർ എന്നീ ഉപകരണങ്ങളാണ് മുറിയിൽ വെച്ചിരിക്കുന്നത്.
15 ദിവസത്തിനുള്ളിൽ വിത്തുകളുടെ മുള പൊട്ടി. പരീക്ഷണം വിജയം കണ്ടതിൻ്റെ സന്തോഷത്തിലാണ് ജെയിംസും കുടുംബവും. 100 കിലോ കുങ്കുമപ്പൂവിത്തിന് കാശ്മീരിലേക്ക് ഓർഡറും നൽകി കഴിഞ്ഞു. വിത്തുല്പാദനത്തിൽ കൂടി ശ്രദ്ധിക്കാനാണ് ജെയിസിൻ്റെ ശ്രമം. ഒരു കിലോ കുങ്കുമപ്പൂവിന് ഏകദേശം 3 ലക്ഷം മുതൽ 6 ലക്ഷം രൂപം വരെയാണ് വില.