മരങ്ങൾ നിറഞ്ഞ എറണാകുളം മഹാരാജാസ് കോളേജിൽ പച്ചപ്പിന്റെ മറ്റൊരു തുരുത്തുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനമായ, നൂറിലേറെ സസ്യങ്ങളുള്ള പച്ചത്തുരുത്ത്. ഹരിത കേരള മിഷന്റെ ജില്ലാതല പച്ചത്തുരുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനവും ഈ പച്ചത്തുരുത്ത് നേടി.
2022ലെ ലോക പരിസ്ഥിതി ദിനം. ക്യാമ്പസിനുള്ളിൽ വെറുതെ കിടന്ന സ്ഥലത്ത് പച്ചപ്പൊരുക്കാനുള്ള ഉദ്യമം അന്നു തുടങ്ങിയതാണ്. 10 സെന്റിൽ 40 ഇനങ്ങളിലായി നൂറിലധികം സസ്യങ്ങൾ. പുളി, പേര, ചാമ്പ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും കുറ്റിചെടികളും ഔഷധ സസ്യങ്ങളും. പച്ചത്തുരുത്ത് ഒരു ജൈവ കലവറയായതോടെ പറവകളും കിളികളും വിരുന്നെത്തി.
ഹരിത കേരള മിഷൻ സംഘടിപ്പിച്ച ജില്ലാതല പച്ചത്തുരുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം മഹാരാജാസ് നേടി. കൊച്ചി കോർപ്പറേഷൻ, മഹാരാജാസ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പത്മശ്രീ ഡോ.എ.കെ. ജാനകിയമ്മാൾ സ്മാരക പച്ചത്തുരുത്ത് ഒരുക്കിയത്. അധ്യാപകരും വിദ്യാർത്ഥികളും ആണ് പച്ചത്തുരത്തിന്റെ സംരക്ഷകർ. മണ്ണിൽ ഇറക്കിയ അധ്വാനം ഫലം കണ്ടതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികളും.