TOPICS COVERED

നാഷണൽ പെർമിറ്റ് ലോറിയിൽ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഇറക്കിവിട്ടതായി സൂചന. കൊല്ലം–തേനി ദേശീയപാതയിലെ ചുനക്കര തെരുവിൽമുക്ക്, ദേശീയപാതയിൽ നിന്നും കോമല്ലൂരിലേക്കുള്ള പ്രദേശം, തഴക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിട്ടത്.

വടക്കൻ ജില്ലകളിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന തെരുവുനായ്ക്കളെയാണ് പടുത ഉപയോഗിച്ച് മൂടിക്കെട്ടിയ ലോറികളിൽ കൊണ്ടുവന്ന് ഇറക്കി വിട്ടതെന്നാണു സൂചന. ചുനക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇറക്കിവിട്ട തെരുവുനായ്ക്കൾ കൂട്ടമായി വീടുകളിലേക്ക് കയറി ചെല്ലുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

രണ്ടാഴ്ച മുൻപ് നൂറനാട് പ്രദേശത്തും തെരുവുനായ്ക്കളെ രാത്രിയിൽ ലോറിയിൽ കൊണ്ടുവന്ന് ഇറക്കിയെന്നും നാട്ടുകാർ ഇടപെട്ടതോടെ ഇവയെ തിരിച്ച് വിട്ടെന്നും പറയുന്നു.സിസിടിവി ക്യാമറകൾ പരിശോധിച്ച് പഞ്ചായത്തും പൊലീസും മുൻകൈയെടുത്ത് നായ്ക്കളെ കൊണ്ടുവരുന്ന വാഹനം കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Street dogs are being illegally transported and dumped in various regions, causing concern among local residents. Authorities are urged to investigate the matter and take necessary action against those responsible for this inhumane act.