കേരള പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷയാണ് സുജിത്തിന്‍റെ വധു. ‘ഇന്ന് ആഹ്ലാദത്തിന്‍റെ ദിനം, സുജിത്തും തൃഷ്ണയും ഒന്നായ ദിനം’ എന്ന തലക്കെട്ടോടെ വര്‍ഗീസ് ചൊവ്വന്നൂരും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വധുവിന്‍റെയും വരന്‍റെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ സുജിത്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സ്വര്‍ണ മോതിരം വിരലിൽ അണിയിച്ചിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വര്‍ണമാല നല്‍കിയിരുന്നത്. തന്‍റെ കഴുത്തില്‍ അണിഞ്ഞ മാലയായിരുന്നു ജോസഫ് ഊരി നല്‍കുകയായിരുന്നു.

അതേ സമയം കസ്റ്റഡിയിൽ അതിക്രൂരമായി മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെയുള്ള ശിക്ഷ സസ്‌പെൻഷനിൽ ഒതുക്കുന്നത് സ്വീകാര്യമല്ലെന്നും പിരിച്ചുവിടണമെന്നും വി.എസ്.സുജിത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവദിവസം പൊലീസ് ജീപ്പോടിച്ച സുഹൈറെന്ന ഉദ്യോഗസ്ഥനും തന്നെ മർദ്ദിച്ചിരുന്നതായി സുജിത്ത് പറഞ്ഞു. ഇയാൾക്കെതിരെ ഇതുവരെയായും കേസെടുത്തിട്ടില്ല. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നു. ഇപ്പോൾ റവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. തന്നെ മർദ്ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.

എസ്ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്

ENGLISH SUMMARY:

Sujith's marriage marks a new chapter after enduring police brutality. The Youth Congress leader, previously a victim of police abuse, celebrated his wedding with support from party members and leaders.