TOPICS COVERED

മാറാനല്ലൂരിൽ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്ക് പൊലീസിന്റെ ക്രൂരമർദനം. മാറനല്ലൂർ കോട്ടുമുകൾ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരൺ, സുഹൃത്ത് വിനു എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ഡിസംബറിൽ മാറാനല്ലൂർ സിഐ ഷിബുവും എസ്ഐ കിരണും ചേർന്നായിരുന്നു ക്രൂരമായി മർദിച്ചത്.

കഴിഞ്ഞ ഡിസംബർ 22ന് രാത്രി മൂവരും വീടിനു മുന്നിൽ ഇരിക്കുമ്പോൾ അയൽവാസിയായ വിനോദിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് നാലുപേർ അകത്തേക്കു കടക്കുന്നതു കണ്ടു. അവരെ തടഞ്ഞുനിർത്തി കാര്യം ചോദിക്കുന്നതിനിടെ വീടിനുള്ളിൽനിന്ന് യൂണിഫോമിൽ എസ്ഐ പുറത്തേക്കു വന്നു. മതിൽചാടിയത് മഫ്തിയിലുള്ള പൊലീസുകാരാണെന്നും കഞ്ചാവു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു നടക്കുന്നതെന്നും യുവാക്കൾ അറിയുന്നത് അപ്പോഴാണ്.

എന്നാൽ പൊലീസ് സംഘം യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് രണ്ടു ദിവസം ക്രൂരമായി മർദിച്ചശേഷം, ജോലി തടസ്സപ്പെടുത്തിയെന്നു കേസെടുത്ത് ജയിലിലാക്കുകയും ചെയ്തു. കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്ന് യുവാക്കൾ പറഞ്ഞു. കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു. സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു. ഒരു ആനന്ദം പോലെ ആസ്വദിച്ചാണ് അയാൾ അതു ചെയ്തത്.

സിഐ കൈമുട്ട് വച്ചാണു പുറത്തിടിച്ചത്. പൊലീസുകാർ പിടിച്ചു കുനിച്ചു നിർത്തി കൊടുക്കുകയായിരുന്നു. സിഐ മടുക്കുമ്പോൾ എസ്ഐ വരും. അതിനുശേഷം അഖിൽ എന്ന പൊലീസുകാരനും ഇടിച്ചുവെന്നും യുവാക്കൾ പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ എടുക്കുന്നതു തടയാൻ ശ്രമിച്ച ശരത്തിന്റെയും ശരണിന്റെയും മാതാപിതാക്കളെയും പൊലീസ് മർദിച്ചെന്നു പരാതിയുണ്ട്.

ENGLISH SUMMARY:

Maranalloor police brutality case highlights the alleged torture of three youths. The incident, involving CI Shibu and SI Kiran, has sparked outrage and calls for justice.