പൊലീസിന്റെ ക്രൂരമര്‍ദനം വിവരിച്ച് ഷൈമോള്‍. സ്റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ മര്‍ദിക്കുന്നതാണ്. നാടകം കാണിക്കാതെ എന്നുപറഞ്ഞ് എസ്എച്ച്ഒ പിടിച്ചുതള്ളി. തന്നെ ഉപദ്രവിച്ചപ്പോഴാണ് എസ്എച്ച്ഒക്ക് നേരെ ചെന്നത്. മക്കളെ വലിച്ചെറിയാന്‍ നോക്കിയെന്നത് കള്ളമാണ്. പൊലീസിന്റെ ആരോപണങ്ങള്‍ കള്ളമെന്നതിന് തെളിവുണ്ട്. ആ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒരു വനിതാ പൊലീസും ഉപദ്രവിച്ചെന്നും ഷൈമോള്‍ മനോരമ ന്യൂസ് മോണിങ് എക്സ്പ്രസില്‍ പറഞ്ഞു.
അനുഭവിച്ചത് പൊലീസ് മുറയെന്ന് ഷൈമോളുടെ ഭര്‍ത്താവ് ബെന്‍ജോ ബേബി. സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ഭാര്യയെ അടിക്കുന്നത് കണ്ട് കരഞ്ഞപ്പോള്‍ വീണ്ടും മര്‍ദിച്ചെന്നും എസ്എച്ച്ഒയെ കൂടാതെ മറ്റ് പൊലീസുകാരും അടിച്ചെന്നും ബെന്‍ജോ. ഭാര്യ ഗര്‍ഭിണിയാണെന്ന് എസ്എച്ച്ഒയോട് പറഞ്ഞിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ ദൈവത്തിന്റെ കയ്യൊപ്പെന്നും ബെന്‍ജോയുടെ പ്രതികരണം. Also Read: ‘എന്റെ ഭാര്യ രണ്ട് എകെ 47 തോക്കുമായല്ല സ്റ്റേഷനിലെത്തിയത്, രണ്ട് കൈക്കുഞ്ഞുങ്ങളുമായാണ്’; യുവതിയെ ആഞ്ഞുതല്ലി എസ്എച്ച്ഒ
അതേസമയം, ഗര്‍ഭിണിയെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച് സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം. വകുപ്പുതല നടപടിക്കപ്പുറം സ്ത്രീകള്‍ക്കെതിരായ അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. തെളിവായി ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെടും.
പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിക്കടക്കം മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും അന്ന് നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണം പുകമറ മാത്രമമെന്നാണ് സംശയം. കഴിഞ്ഞ വര്‍ഷം ജൂണില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടന്ന അതിക്രമത്തിന്‍റെ ദൃശ്യങ്ങളാണ് നിയമപോരാട്ടത്തിനൊടുവില്‍ പുറത്തായത്. ഇതിന് പിന്നാലെയാണ് നിലവില്‍ അരൂര്‍ എസ്എച്ച്ഒയായ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്.