തൃക്കാക്കരയില്‍ മദ്യപിച്ച് പിഴയീടാക്കാനിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് എന്‍.എസ്. ബിനുവിന് സസ്പെന്‍ഷന്‍. അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പുതല അന്വേഷണത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് സ്വന്തമായി പിഴയീടാക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ഇന്നലെ രാത്രി നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
വാഴക്കാലയില്‍ വഴിയിരികില്‍ ഓട്ടോറിക്ഷയില്‍ മത്സ്യവില്‍പന നടത്തിയ യുവതിയില്‍ നിന്ന് പിഴയീടാക്കാനായിരുന്നു വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ശ്രമം. അനധികൃതമായി ചരക്കുകയറ്റിയതിന് മൂവായിരം രൂപ പിഴയൊടുക്കണമെന്നായിരുന്നു നിര്‍ദേശം. യൂണിഫോമില്ലാതെ സ്വന്തം കാറില്‍ പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥനെ ഇതോടെ നാട്ടുകാര്‍ തടഞ്ഞു.
രാത്രി പത്ത് മണിയോടെയായിരുന്നു ഡിപ്പാര്‍ട്ട്മെന്‍റ് അറിയാതെ ഉദ്യോഗസ്ഥന്‍റെ മിന്നല്‍ പരിശോധന. പൊലീസെത്തി ആദ്യം തന്നെ ബ്രെത്ത് അനലൈസറില്‍ ഊതിച്ചു. മദ്യപിച്ചെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്തു പിന്നീട് കേസെടുത്തു.
ഉച്ചയോടെ മോട്ടോര്‍ വാഹനവകുപ്പ് വക സസ്പെന്‍ഷന്‍ ഓര്‍ഡറും എത്തി. ജനങ്ങളോട് മോശമായി പെരുമാറുന്നതും കേസില്‍പെടുന്നതും പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക നടപടി. വകുപ്പ് തല അന്വേഷണത്തിനായി മൂവാറ്റുപുഴ ആര്‍ടിഒയെയും ഗതാഗത കമ്മിഷണര്‍ ചുമതലപ്പെടുത്തി. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.