മുന്നണി സംവിധാനങ്ങൾക്ക് ഒരു കൺവീനർ മോഡൽ - അതാണ് പി.പി. തങ്കച്ചൻ. യുഡിഎഫ് കൺവീനറായി ഏറ്റവും കൂടുതൽ പ്രവർത്തിച്ച തങ്കച്ചൻ മുന്നണി സംവിധാനങ്ങൾക്ക് തന്നെ പാഠപുസ്തകമാണ്. മന്ത്രിയായും സ്പീക്കറായും നൂതനമായ പദ്ധതികൾക്ക് തുടക്കമിട്ട തങ്കച്ചൻ ബ്ളോക്ക് പ്രസിഡന്റിൽ നിന്ന് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഉയർന്ന സംഘടനാ നേതാവുകൂടിയാണ്.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെയും മുന്നണിയിലെ വിഭാഗീതയെയും പി.പി.തങ്കച്ചൻ എന്ന യു.ഡി.എഫ് കൺവീനർ 13വർഷക്കാലം മറികടന്നത് ഒരൊറ്റ മന്ത്രം മുറുകെപിടിച്ചാണ്. സമന്വയത്തിന്റെ പാത. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന ഷോക് അബ്സോർബറായി തങ്കച്ചൻ പുറത്തെടുത്ത മെയ്‌വഴക്കം പിൻഗാമികൾക്ക് വെല്ലുവിളിയായി.
അഭിഭാഷകനായി തുടങ്ങി പെരുമ്പാവൂറിന്റെ പെരുമ കേരളത്തെ അറിയിച്ച നേതാവായി മാറിയ ചരിത്രമാണ് തങ്കച്ചന്റെത്. 1968 മുതൽ 80 വരെ പെരുമ്പാവൂർ നഗരസഭാ അധ്യക്ഷനായി പ്രവർത്തിച്ച തങ്കച്ചൻ 1982ലാണ് ആദ്യമായി നിയമസഭ കണ്ടത്. പെരുമ്പാവൂരിൽ നിന്നുള്ള തങ്കച്ചൻ വിജയങ്ങൾ നാല് തിരഞ്ഞെടുപ്പുകളിൽ അതേപോലെ തുടർന്നു.
ഇതിനിടയിൽ 1991ൽ സ്പീക്കറായി. എംഎൽഎമാർക്ക് ഒരു പഴ്‌സനൽ അസിസ്‌റ്റന്റിന്റെ സഹായം തേടാനുള്ള അനുമതി നൽകിയത് തങ്കച്ചൻ സ്പീക്കറായിരിക്കെയാണ്. 1995ൽ ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായ തങ്കച്ചൻ കൃഷിക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള തീരുമാനമെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ്, ബ്ളോക്ക് പ്രസിഡന്റ്, എറണാകുളം ഡി.സി.സി പ്രസിഡന്റ് സംഘടനാപദവികൾ വഹിച്ച തങ്കച്ചൻ മുരളീധരൻ മന്ത്രിയായപ്പോൾ ഏതാനും മാസം കെ.പി.സി.സി അധ്യക്ഷനായി.
2004ൽ ആന്റണിയുടെ പിൻഗാമിയായി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് തങ്കച്ചൻ യു.ഡിഎഫ് കൺവീനറായത്. പിന്നീട് 13വർഷക്കാലം രാഷ്ട്രീയ കേരളം തങ്കച്ചനെ കണ്ടത് കൺവീനറായിട്ടാണ്. കെ.കരുണാകരന്റെ അടുത്ത വിശ്വസ്തനായിരുന്നിട്ടും ലീഡർ പാർട്ടി വിട്ടപ്പോൾ തങ്കച്ചൻ കൂടെ പോയില്ല.
കരുണാകരനൊപ്പം പോകാതിരുന്ന ഐ ഗ്രൂപ്പുകാരെ പദവി നൽകി ഉമ്മൻചാണ്ടി പാർട്ടി ഉറപ്പിച്ചുനിർത്തിയത് തങ്കച്ചനെ ഐ ഗ്രൂപ്പ് നേതൃത്വം ഏൽപ്പിച്ചുകൊണ്ടാണ്. കരുണാകരൻ ഇല്ലാതെ തങ്കച്ചൻ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ഗ്രൂപ്പാണ് പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് നയിക്കാനായത്. തുടർച്ചയായി അധികാരം നഷ്ടപ്പെട്ട് പുറത്തിരിക്കുന്ന യു.ഡി.എഫ് പല മുന്നണി പ്രതിസന്ധികളിലും ഓർക്കുന്ന പേരാണ് പി.പി. തങ്കച്ചന്റെത്. അത് അതുപോലെ തുടരും.