uddhav-thackery-rahul-gandhi

ശിവനേസയിലെ പിളര്‍പ്പിന് കാരണം ഉദ്ധവ് താക്കറെ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുമെന്ന ആശങ്കയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുന്നതാണ് ഷിന്‍ഡെ വിഭാഗത്തിലേക്ക് കൂടുമാറാനുള്ള കാരണമെന്നാണ് ശിവസേന ഷിന്‍ഡെ എംപി നരേഷ് മാസ്‌കെ പറയുന്നത്. ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താൻ എംപിമാർ പലതവണ ശ്രമിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. 

പാര്‍ട്ടി ഒടുവില്‍ കോണ്‍ഗ്രസുമായി ലയിക്കുമെന്ന് എംപിമാര്‍ ഭയപ്പെട്ടിരുന്നുവെന്നും അതിനാല്‍ സ്വന്തം വഴിനോക്കുകയായിരുന്നുവെന്നും മാസ്കെ പറഞ്ഞു. സഞ്ജയ് റാവത്ത് കോൺഗ്രസിന്റെ ഏജന്റായി മാറിയെന്നും, പാർട്ടി നയങ്ങളെ അദ്ദേഹം സ്വാധീനിക്കുന്നുണ്ടെന്നും മസ്കെ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ കോണ്‍ഗ്രസില്‍ ലയിക്കണമെന്ന സഞ്ജയ് റാവത്തിന്‍റെ വാക്കുകളും വിമതര്‍ ചൂണ്ടിക്കാട്ടി. സമാന നീക്കം ഉദ്ധവ് വിഭാഗത്തിലുണ്ടാകുമെന്നും അതിനാലാണ് ഷിന്‍ഡെവിഭാഗത്തില്‍ ലയിക്കാന്‍ താല്‍പര്യം കാണിച്ചതെന്നുമാണ് വിമതവിഭാഗം പറയുന്നത്.  

അതേസമയം, പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും ശിവസേന ഉദ്ധവ് വിഭാഗം ഡല്‍ഹിയില്‍ വിളിച്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ആറു എംപിമാര്‍ പങ്കെടുത്തില്ല. ഉദ്ധവ് വിഭാഗത്തിന് ഒന്‍പത് എംപിമാരാണുള്ളത്. വിമതരുടെ കലാപം ശക്തമാകുന്നതിനിടയിലും സഞ്ജയ് റാവത്ത് വിമര്‍ശനം തുടര്‍ന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് പിന്നാലെ എംപിമാരെ രാജ്യദ്രോഹികൾ എന്നാണ് റാവത്ത് വിമര്‍ശിച്ചത്. ഇവര്‍ പാർട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ആറു വിമത എംപിമാര്‍ക്കും വൈ പ്ലസ് കാറ്റഗറിക്ക് തുല്യമായ സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. സഞ്ജയ് ദിന പാട്ടീൽ, നാഗേഷ് പാട്ടീൽ അഷ്തികാർ, ഓം രാജെ നിംബാൽക്കർ, ഭൗസാഹെബ് വക്ചൗരെ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ് എന്നി ആറു എംപിമാരാണ് വിമത പക്ഷത്തേക്കുള്ളത്. 

നാലു വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ നടക്കുന്ന നാലാമത്തെ വലിയ രാഷ്ട്രീയ അട്ടിമറിയാണ് ഷിന്‍ഡെ വിഭാഗത്തിലേത്. ശിവസേനയിലും എന്‍സിപിയിലും 2022 ലും 2023 ലും നടന്ന പിളര്‍പ്പിന് ശേഷമാണ് മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്. പശ്ചിമബംഗാളിലെ 20 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ലയിക്കാനും എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 

ENGLISH SUMMARY:

The Uddhav Thackeray faction of Shiv Sena faces a major crisis as six out of its nine Lok Sabha MPs have rebelled, reportedly fearing that the party would eventually merge with the Congress. Rebel MP Naresh Mhaske accused Sanjay Raut of acting as a "Congress agent" and claimed that the leadership ignored multiple attempts by MPs to discuss these concerns. In response, Sanjay Raut has labeled the defecting MPs as "traitors," while the Maharashtra government has granted Y+ security cover to the six rebels who skipped a crucial parliamentary meeting. This development marks the fourth major political realignment in Maharashtra in four years, following recent similar defections in West Bengal's Trinamool Congress.