കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നെതന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ ഈശ്വര്‍. എക്സ്ട്രീം ട്രോമയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോഴത്തെ ആഗ്രഹം, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നത് മാത്രമാണെന്നും രാഹുല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വിശക്കാറില്ല, അതുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും എന്നെങ്കിലുമൊരിക്കല്‍ താന്‍ ഇത് പറയുമെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല ട്രോമയുള്ളതെന്നും രാഹുല്‍, രാഹുല്‍ ഈശ്വറിനോട് പറയുന്നു. 

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ഭാഗങ്ങള്‍ ഇങ്ങനെ.. 'രാത്രിയില്‍ ഉറങ്ങാനായിട്ട് പാരസെറ്റാമോളും സിട്രിസിനും കഴിച്ചിട്ട് കിടക്കും. അഞ്ചുമണി, ആറുമണിയാകുമ്പോഴാണ് ഞാന്‍ ഉറങ്ങുന്നത്. എന്നിട്ടൊരു ഏഴുമണി..എട്ടുമണിയൊക്കെ ആകുമ്പോള്‍ എഴുന്നേല്‍ക്കും. രണ്ടുമണിക്കൂറൊക്കെയാ ഉറങ്ങുന്നേ.വിശക്കാറില്ല, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കണമെന്ന് തോന്നാറില്ല. ട്രോമയെന്നൊക്കെ പറഞ്ഞാല്‍ എക്സ്ട്രീം ട്രോമയിലൂടെ പോകുവാ. നമ്മടെ ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ്. അതാണ് ഒരവസ്ഥ. ആളുകള്‍ക്ക് എന്താണ് മിണ്ടാത്തത്,പ്രതികരിക്കാത്തത്? തെറ്റ് ചെയ്തത് കൊണ്ടാണോ എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. എന്‍റെ അവസ്ഥയെന്ന് പറഞ്ഞാല്‍.. ഞാനത് എപ്പോഴെങ്കിലും പറയും.കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ'.

അതേസമയം, പുറത്തുവന്ന ഓഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളാണ്. മന്ത്രി ശിവന്‍കുട്ടിയും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിട്ടുണ്ട്. 'പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..പാരസെറ്റാമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്‍മാരെ ഒഴിവാക്കുക' എന്നാണ് മന്ത്രിയുടെ പോസ്റ്റ്. പാരസെറ്റാമോള്‍ ഉറങ്ങാനുള്ള മരുന്നല്ലെന്നും സിട്രിസിന്‍ ഉറങ്ങാന്‍ വേണ്ടി കഴിക്കുന്നത് തീരെ നല്ലതല്ലെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. 

അതിനിടെ, തനിക്കെതിരെ പെയ്ഡ് ആക്രമണം നടക്കുന്നതായി വെളിപ്പെടുത്തി നടി റിനി ആന്‍ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിന് ശേഷമായിരുന്നു താരത്തിന്‍റെ കുറിപ്പ്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ മാഞ്ഞുപോകില്ലെന്നും പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Rahul Mamkootathil is reportedly going through severe mental stress, according to an audio message released by Rahul Easwar. He expresses a desire to simply leave his room, indicating the extreme trauma he is experiencing.