ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി (മാർച്ച് 5), ഹയർ സെക്കന്‍ഡറി (മാർച്ച് 5, 6, 7) തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ നിലവിലെ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ മാറ്റി വെക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

യുദ്ധം മൂലം യാത്ര തടസ്സപ്പെടുകയും പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാൻ കഴിയാതെയും ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർത്ഥികൾ ആശങ്കയിലാണെന്ന് സർക്കാർ മനസ്സിലാക്കുന്നു. നിങ്ങളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കാത്ത വിധം ഉചിതമായ നടപടികൾ വകുപ്പ് സ്വീകരിക്കും. 

ചെയ്യേണ്ട കാര്യങ്ങൾ:-യാത്രാ തടസ്സമോ മറ്റ് സാങ്കേതിക കാരണങ്ങളോ മൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത കുട്ടികൾ താഴെ പറയുന്ന നടപടികൾ സ്വീകരിക്കേണ്ടതാണ്:- അപേക്ഷ സമർപ്പിക്കുക: നിങ്ങളുടെ സ്കൂളിലെ പ്രഥമാധ്യാപകർ / പ്രിൻസിപ്പൽ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എത്രയും വേഗം അപേക്ഷ നൽകുക.- പരിശോധന: ലഭിക്കുന്ന അപേക്ഷകളുടെ മെറിറ്റ് പരിശോധിച്ച്, കുഞ്ഞുങ്ങൾക്ക് പരീക്ഷ എഴുതാൻ അനുകൂലമായ സാഹചര്യം ഒരുക്കാൻ വകുപ്പ് മുൻഗണന നൽകും. പൊതുവിദ്യാഭ്യാസ വകുപ്പ് എപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പമുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ല. – മന്ത്രി വ്യക്തമാക്കുന്നു. 

അതേസമയം, ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടുവെന്ന വിവരമാണ് ഒടുവില്‍ പുറത്തുവന്നത്. സുല്‍ത്താന്‍ ബാബൂസ് തുറമുഖത്തിന് അടുത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഡ്രോന്‍ ബോട്ടാണ് ഇറാന്‍‌ ഉപയോഗിച്ചത്. കപ്പലില്‍ 16 ഇന്ത്യക്കാരുണ്ടായിരുന്നു. അവരെ ഒഴിപ്പിച്ചുവെന്നാണ് വിവരം. 

ENGLISH SUMMARY:

Gulf SSLC and Higher Secondary exams scheduled for March have been postponed due to the current war situation, as announced by Minister V Sivankutty. The department will take appropriate measures to ensure that this does not affect students' higher education prospects.