ധര്‍മസ്ഥലയിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ കണ്ട് ആക്ഷന്‍ കൗണ്‍സില്‍ അംഗം മനാഫ്. തന്‍റെ കയ്യിലുള്ള പല തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ധര്‍മസ്ഥല വിഷയത്തില്‍ പോരാട്ടം ഊര്‍ജിതമായി തുടരുമെന്നു മനാഫ് പറഞ്ഞു.
ഷിരൂര്‍ അപകടം അടക്കം ചോദ്യം ചെയ്യലിലുണ്ടായി. ഷിരൂരില്‍ അപകടം ഉണ്ടാക്കിയത് താനാണെന്ന് തരത്തില്‍ ചോദ്യം ചെയ്യലുണ്ടായി. ഇതൊക്കെ ചോദ്യം ചെയ്യലിന്‍റെ ഭാഗമായിട്ടെ കാണുന്നുള്ളൂ എന്നും മനാഫ് പറഞ്ഞു.
'പോരാട്ടം നയിക്കുന്നത് സാധാരണക്കാരാണ്. പരിചയമുള്ള ആള്‍ക്കാരല്ല. അതിന്‍റേതായ പാകപിഴവുകളുണ്ട്. ധര്‍മസ്ഥയില്‍ നിന്നാണ് തലയോട്ടി ലഭിച്ചത്. 164 പ്രകാരം മൊഴി കൊടുക്കാന്‍ പോകുമ്പോള്‍ യഥാര്‍ഥ ശുചീകരണ തൊഴിലാളിയല്ല തലയോട്ടി എടുത്തത്. അതൊരു പ്രശ്നമായി. ശുചീകരണ തൊഴിലാളിക്ക് അറിയുന്ന 70 സ്ഥലങ്ങളുണ്ട്. ഇതില്‍ 17 ഇടത്താണ് തിരച്ചില്‍ നടത്തിയത്'.
'ചോദ്യം ചെയ്യലില്‍ എസ്ഐടിക്ക് ഉപകാരപ്പെടുന്ന പലകാര്യങ്ങളിലും തെളിവുകള്‍ നല്‍കാനായി. തലയോട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരം നല്‍കി. തലയോട്ടി എവിടെ നിന്ന് കിട്ടി ആരു കൊടുത്തു എന്നതിന് തെളിവ് എന്‍റെ കയ്യില്‍ മാത്രമായിരുന്നു. ഇത് വലിയ വഴിത്തിരിവാണ്'
താനാണ് ഫണ്ട് ചെയ്തത്. അല്‍ജസീറ ചാനലിനെ കൊണ്ടുവന്നത് തനാണ് എന്നതടക്കം മണ്ടത്തരമായി തോന്നിയ ചോദ്യങ്ങള്‍ ചോദിച്ചു. ഒറ്റയ്ക്ക് ഇരുത്തിയും ഒന്നിച്ചും ചോദ്യം ചെയ്തെന്നും മറുഭാഗത്തുള്ളവരെയും ചോദ്യം ചെയ്യലിന് നടക്കുന്നുണ്ടെന്നും മനാഫ് പറഞ്ഞു. കാള പെറ്റൂന്ന് കേട്ടപ്പോ കയറെടുത്ത് പോയി എന്ന് പറഞ്ഞവരുണ്ട്. പശുവാണ് പെറ്റതെന്നും നല്ല പാലുമുണ്ടെന്നും മനാഫ് പരിഹസിച്ചു.