Image Credit:instagram.com/rinianngeorge
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ മൊഴി നല്‍കിയതിന് പിന്നാലെ താന്‍ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന് സമൂഹമാധ്യമക്കുറിപ്പുമായി നടി റിനി ആന്‍ ജോര്‍ജ്. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നതല്ലെന്നും അത് സത്യസന്ധമാണെന്നും അതില്‍ പൊള്ളിയവര്‍ തനിക്കെതിരെ പെയ്ഡ് ആക്രമണം നടത്തുകയാണെന്നും അവര്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിനി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
റിനിയുടെ വാക്കുകള്‍ ഇങ്ങനെ..'ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല...അത് സത്യസന്ധമാണ്...നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്... സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം... നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്... മാറ്റം സമൂഹത്തിലാണ് വരേണ്ടത്...പോരാട്ടം തുടരുക തന്നെ ചെയ്യും... പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം... പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്.... ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ...
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു... കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം'. അതേസമയം രാഹുലിനെതിരെ ഉയര്‍ന്നിട്ടുള്ളത് വ്യാജ പരാതിയാണെന്ന് രാഹുല്‍ ഈശ്വര്‍. റിനിയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും രാഹുലിനോട് തനിക്ക് പ്രത്യേകിച്ച് അടുപ്പമൊന്നും ഇല്ലെന്നും ഫെയ്സ്ബുക്ക് വിഡിയോയില്‍ പറയുന്നു.
ഇന്നലെയാണ് രാഹുലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് റിനിയുടെ മൊഴി രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് താന്‍ രാഹുലിനെ പരിചയപ്പെട്ടതെന്നും തുടക്കം മുതലേ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഹോട്ടല്‍ മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും നടി ക്രൈംബ്രാഞ്ചിന് മുന്നില്‍ വെളിപ്പെടുത്തി. പലതവണ നിരുല്‍സാഹപ്പെടുത്തിയിട്ടും പിന്‍മാറാന്‍ രാഹുല്‍ തയാറായില്ലെന്നും പോയി പരാതിപ്പെടൂവെന്ന് പറയുകയായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ തനിക്കയച്ച സന്ദേശങ്ങളടക്കം റിനി ക്രൈം ബ്രാഞ്ചിന് കൈമാറി.