രാജീവ് ഗാന്ധി വധക്കേസും അന്വേഷണവും പ്രമേയമായുള്ള വെബ് സീരീസ് ദി ഹണ്ട് വലിയ ചര്‍ച്ചയായിരിക്കുകയാണ്. അന്ന് രാജീവ് ഗാന്ധി വധക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായിരുന്ന ക്യാപ്റ്റന്‍ എകെ രവീന്ദ്രനാണ് ഇന്നത്തെ മേജര്‍ രവി. വെബ് സീരീസിറങ്ങിയ പശ്ചാത്തലത്തില്‍ മേജര്‍ രവി മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തില്‍, അന്ന് തന്‍റെ ഫോട്ടോയും വാര്‍ത്തയും ആദ്യമായി മലയാള മനോരമ പത്രത്തിന്‍റെ ഒന്നാം പേജില്‍ അടിച്ചുവന്ന സംഭവം കൗതുകത്തോടെ വിശദീകരിക്കുകയുണ്ടായി.
ലോകത്തെ ഞെട്ടിച്ച ആ സംഭവത്തെക്കുറിച്ച് രവിയിൽനിന്ന് കേട്ടറിഞ്ഞ് അത് വാര്‍ത്തയാക്കിയത് അന്നത്തെ മനോരമയുടെ തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ രാധാകൃഷ്ണനായിരുന്നു. 34 വർഷം മുമ്പ് നടന്ന കാര്യത്തെപ്പറ്റി സംസാരിക്കവേ മേജര്‍ രവി, അന്നത്തെ റിപ്പോര്‍ട്ടറുടെ പേര് ഉള്‍പ്പടെ ഓര്‍മ്മിച്ച് പറഞ്ഞു.
ആ വിഡിയോ പങ്കുവെച്ചുകൊണ്ട് അന്നത്തെ മനോരമ റിപ്പോര്‍ട്ടറും, ഇപ്പോള്‍ മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍റെ അസി. ഡയറക്ടറുമായ രാധാകൃഷ്ണന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
രാധാകൃഷ്ണന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
34 വർഷം മുമ്പ് ഇതേ സെപ്റ്റംബർ. അന്ന് ചെയ്തത് ഞാൻ ഓർക്കുന്നില്ലെങ്കിലും രവി ഇന്നും അത് ഓർത്തിരിക്കുന്നത് അദ്ഭുതമാണ്. ഇത്തരം ഓർമകൾ രവിയെപ്പോലുള്ളവർ സൂക്ഷിക്കുന്നതാണ് ഈ തൊഴിലിലൂടെ ലഭിക്കുന്ന സന്തോഷവും അംഗീകാരവും. അന്നത്തെ ക്യാപ്റ്റൻ എ.കെ രവീന്ദ്രൻ തന്നെയാണ് ഇന്നത്തെ മേജർ രവി. ലോകത്തെ ഞെട്ടിച്ച ആ സംഭവത്തെക്കുറിച്ച് രവിയിൽനിന്ന് കേട്ടറിഞ്ഞ അന്നത്തെ റിപ്പോർട്ടർ രാധാകൃഷ്ണൻ തന്നെയാണ് ഈ രാധാകൃഷ്ണൻ. ഓർമകൾ വല്ലാതെ പിന്നിലേയ്ക്കു പോകുന്നുണ്ട്. ആ റിപ്പോർട്ട് സിനിമയിൽ പലതിനും വഴി തെളിച്ചുവെന്ന് കേട്ടിട്ടുണ്ട്.