പുല്‍പ്പള്ളി ടൗണ്‍ പരിസരത്തെ തോട്ടത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ മീനംകൊല്ലി സ്വദേശി കനിഷ്കയുടെ മരണത്തില്‍ ദുരൂഹത. ഓണാഘോഷത്തില്‍ വളരെ സജീവമായി പങ്കെടുത്തതിനു പിന്നാലെയാണ് 15കാരി മരിച്ചത്. ഒരു ഓട്ടോ ഡ്രൈവര്‍ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നെന്ന് കനിഷ്ക സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ കുട്ടിയുടെ സ്കൂള്‍ മാറ്റുകയായിരുന്നു. കൂടാതെ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിന്റെ മനോവിഷമവും കനിഷ്കയ്ക്കുണ്ടായിരുന്നു. സ്കൂൾ മാറ്റിയപ്പോള്‍ പ്രിയ കൂട്ടുകാരെ വിട്ടുപിരിയേണ്ടിവന്നതും കനിഷ്കയെ വേദനയിലാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. 

അതേസമയം കനിഷ്ക മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നുണ്ട്. മുത്തച്ഛനും മുത്തശ്ശിക്കും പിതാവിനുമൊപ്പമാണ് കനിഷ്ക താമസിക്കുന്നത്. അമ്മ മറ്റൊരു വീട്ടിലാണ് താമസം. ശനിയാഴ്ച മീനംകൊല്ലിയിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന കുട്ടിയെ നാട്ടുകാരും വീട്ടുകാരും തിരയുന്നതിനിടെയാണു വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. 

ആന്ധ്രയിൽ നിന്നു കുടിയേറി മീനംകൊല്ലിയിൽ താമസിക്കുന്ന നിർമാണത്തൊഴിലാളികളായ കുമാറിന്റെയും വിമലയുടെയും മകളായ കനിഷ്ക പടിഞ്ഞാറത്തറ ഹൈസ്കൂളിലാണു പഠിക്കുന്നത്. നേരത്തെ പുൽപ്പള്ളി സ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാവധിക്കു ശേഷം ഇന്നലെ പടിഞ്ഞാറത്തറയിലെ സ്കൂളിൽ കൊണ്ടുവിടാനിരുന്നതാണ്. മരണത്തിനു പിന്നിൽ സംശയങ്ങൾ ഉള്ളതായി പ്രദേശവാസികൾ പറയുന്നു.  

ശനിയാഴ്ച രാത്രി 12 മണി വരെ ഗ്രാമത്തിലെ ഓണാഘോഷമായിരുന്നു. ആഘോഷങ്ങളിൽ വിവിധ കലാപരിപാടികളിൽ കനിഷ്ക പങ്കെടുത്തിരുന്നു. പിറ്റേന്ന് ഞായറാഴ്ച വൈകുന്നേരം സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോവുകയാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ പിറ്റേന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒൻപതാം ക്ലാസ് വരെ പുൽപ്പള്ളി സ്കൂളിൽ പഠിച്ച കുട്ടിയെ ഈ അധ്യയന വർഷാരംഭം മുതൽ പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തിൽ നിർത്തി പത്താം ക്ലാസ് പഠനം തുടരുകയായിരുന്നു. 

ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് കനിഷ്കയുടെ മാതാപിതാക്കൾ അടുത്തകാലത്തായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഓണത്തിന് തൊട്ടുമുൻപത്തെ ദിവസമാണ് കനിഷ്കയെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പുൽപ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ തന്നെ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് കനിഷ്ക അടുത്ത കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനാലാണ് മാതാപിതാക്കൾ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയത്. കനിഷ്കയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ENGLISH SUMMARY:

Kanishka's death in Pulppally raises concerns about the circumstances surrounding the tragic event. The 15-year-old was found dead, and investigations are underway to determine the cause, including potential harassment and family issues.