ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് യൂട്യൂബ് വിഡിയോകളില്‍ നിറഞ്ഞ നിന്നയാളാണ് ലോറി ഉടമയും യൂട്യൂബറുമായ മനാഫ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം മനാഫിന് നോട്ടീസ് ലഭിച്ചിരുന്നു. ഹാജരാകാനായി ധര്‍മസ്ഥലയിലെത്തിയ മനാഫ് രാവിലെ പുതിയ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
സത്യമാണ് വിജയിക്കുകയെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കള്ളത്തരം വിജയിക്കാന്‍ പോകുന്നില്ല. ഇതിന്‍റെ ഉദാഹരണമാണ് ഇന്നലെ സംഭവിച്ചത്. ഇതൊരു ബ്രേക്കിങ് ന്യൂസാണ് എന്നാണ് മനാഫ് വിഡിയോയില്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പുള്ള വിഡിയോ ആണിത്.
'തലയോട്ടി ആരു കൊണ്ടുവന്നു എന്നതിന് ഉത്തരമായി. ഇന്നലെ അത് സമ്മതിച്ചു. സൗഭാഗ്യയുടെ അമ്മാവനാണ് കൊണ്ടുവന്നതെന്ന് പറയുന്നു. എവിടെ നിന്ന് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ കാട്ടില്‍ നിന്നാണ്. കാട് കാണിച്ചു. കാട്ടില്‍ നിന്നും ഒരുപാട് അസ്ഥികൂടം ലഭിച്ചു എന്നാണ് വിവരം' മനാഫ് പറയുന്നു. കാലുത്തിയാല്‍ പ്രശ്നമാകുമെന്ന് എന്നു വെല്ലുവിളിച്ചവരുണ്ട്. താനിപ്പോള്‍ ധര്‍മസ്ഥലയിലാണെന്നും എന്‍റെ ഭാഗം 100 ശതമാനം ശരിയാണെന്നും ചോദ്യം ചെയ്യലിന് പോയ പോലെ തിരിച്ചു വരുമെന്നും മനാഫ് പറയുന്നു.
ധര്‍മ്മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചായിരുന്നു മനാഫ് യൂട്യൂബിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പലരെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും ഇതില്‍ മലയാളി സ്ത്രീകളടക്കം ഉള്‍പ്പെടുന്നുവെന്നും പറഞ്ഞതോടെ സംഭവത്തിന്‍റെ ഗൗരവം വര്‍ധിച്ചു. തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചെന്ന് അന്വേഷസംഘം പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എസ്ഐടി വിശദീകരിച്ചു. എന്നാല്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് മനാഫ്.