സൈബർ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടാൻ നോക്കിയാൽ വിരണ്ടു പോകുന്ന ആളല്ല താനെന്നും സംശയമുണ്ടെങ്കിൽ പഴയ കുറ്റിപ്പുറത്തെ ലീഗുകാരോട് ചോദിച്ചാൽ മതിയെന്നും കെടി ജലീല്‍. മുസ്ലിംയൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചിനെയും പികെ ഫിറോസിന്‍റെ സാമ്പത്തിക ഉറവിടങ്ങളെയും പറ്റിയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഈ പരാമര്‍ശം.
കോൺഗ്രസ്സിലെ മാങ്കൂട്ടം, ലീഗിലെ മുളങ്കൂട്ടം എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. മുസ്ലിംയൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചിൽ 600 രൂപക്ക് കൊടുത്ത തുണി കമ്പനിയിൽ നിന്ന് വാങ്ങിയതിൻ്റെ GST ഉൾപ്പടെയുള്ള 2,72,000 മുണ്ടിൻ്റെ മൊത്തം തുക അടങ്ങുന്ന ബില്ലിൻ്റെ കോപ്പി സംസ്ഥാന യൂത്ത്ലീഗ് ഉടൻ പുറത്തു വിടണം.
പല യൂത്ത് ലീഗു കാരും 200 രൂപക്ക് തുണി ചോദിച്ച് വിളിക്കുന്നുണ്ട്. 200 രൂപ ഇല്ല 180 രൂപയേ ഉള്ളൂ എന്ന ഒരു കരക്കമ്പികേട്ടു. അങ്ങിനെയെങ്കിൽ 20 രൂപ ഞാൻ അധികം വാങ്ങി എന്ന ആക്ഷേപം ഉയരും. അതൊഴിവാക്കാൻ തുണി വാങ്ങിയതിൻ്റെ യഥാർത്ഥ ബില്ല് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം സാമൂഹ്യ മാധ്യമങ്ങളിലൂടെയോ "ചന്ദ്രിക" പത്രത്തിലൂടെയോ പ്രസിദ്ധപ്പെടുത്തിയാൽ, ഒരു "ദോതി ചാലഞ്ച്" പഴയ യൂത്ത് ലീഗ് സെക്രട്ടറിക്കും നടത്താമല്ലോ?
പി.കെ ഫിറോസിന് ഗൾഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തും. ഫണ്ട് മുക്കി കുഴിച്ചിട്ട പണം ഏതു മരുഭൂമിയിലാണെങ്കിലും അടിവേരോടെ മാന്തി പുറത്തെടുക്കും. ഫിറോസിൻ്റെ പാർട്ട്ണർമാർ വേഗം തടി സലാമത്താക്കി കൊള്ളുക. അല്ലെങ്കിൽ നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയത് പോലും കാക്ക കൊത്തിപ്പോകും! കാക്കച്ചി കൊത്തിപ്പോകും.
ഫിറോസിൻ്റെ പിതാവ് പല കച്ചവടവും നടത്തിയിട്ടുണ്ട് എന്നത് ശരിയാകാം. പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സ്വസ്ഥം, ഗൃഹഭരണം. കച്ചവടം നഷ്ടത്തിൽ കലാശിച്ച പിതാവിൻ്റെ മകൻ എങ്ങിനെയാണ് നിരവധി ബിസിനസുകളിൽ ഷെയർ ഹോൾഡർ ആവുക? അയാൾ എങ്ങിനെയാണ് ലക്ഷപ്രഭുവാവുക?
ആ "വിരുത്" ഒന്നു പറഞ്ഞു തന്നാൽ നാട്ടിലെ ഒരുപാട് പൊളിറ്റിക്കൽ റീലൻമാർക്കും കപടൻമാരായ വിരുതൻമാർക്കും അത് സഹായകമാകുമെന്നും ജലീല്‍ പരിഹസിക്കുന്നു.