sarin-trans

ഒന്നിലേറെ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കടന്നാക്രമിച്ച ഡോ. പി.സരിനെ പ്രതിരോധിച്ച് ഭാര്യ ഡോ. സൗമ്യ സരിന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ‘തോറ്റ എംഎല്‍എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന സോഷ്യല്‍ മീഡിയ പരിഹാസത്തിന് സൗമ്യ ശക്തമായ മറുപടി നല്‍കി. ‘എന്‍റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്. എന്നാല്‍ മാന്യമായി പകല്‍ വെളിച്ചത്തിലാണ് തോറ്റത്.’ അദ്ദേഹം കാരണം തനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ലെന്നും സൗമ്യ മറുപടിയിൽ കുറിച്ചു.

ragaranjini-fb-post

ഇതിന് പിന്നാലെയാണ് ‘സൗമ്യ സരിന്‍, നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’ എന്നൊരു കുറിപ്പുമായി  ട്രാന്‍സ് വുമണും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി രംഗത്ത് എത്തിയത്. കാസര്‍കോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം. പോസ്റ്റ് വൈറലായതിന് പിന്നാലെ രാഗരഞ്ജിനി തന്നെ അത് ഫെയ്സ്ബുക്കില്‍ നിന്ന് നീക്കി. തുടര്‍ന്ന് വിശദീകരണ കുറിപ്പും എഴുതി. 

‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിന് പോകാൻ വീട്ടുകാർ സമ്മതിക്കില്ല’ എന്നാണ് കുറിപ്പ്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രാഗ രഞ്ജിനി രംഗത്ത് വന്നിരുന്നു. ‘ഒരു സുപ്രഭാതത്തില്‍ സിപിഐഎം വേട്ടപ്പട്ടികള്‍ക്കും ബിജെപി തെമ്മാടികള്‍ക്കും ചുമ്മാ വെട്ടി കീറാന്‍ ഇട്ടുകൊടുക്കാന്‍ മനസ്സില്ല’ എന്നായിരുന്നു രാഹുല്‍ അനുകൂല പോസ്റ്റ്.

ENGLISH SUMMARY:

Rahul Mankootathil controversy erupts with allegations and counter-responses. The situation involves Dr. P. Sarin's criticism and Raga Ranjini's accusations, leading to social media debates and deleted posts.