കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്‍റെ പേരില്‍ നേരിടേണ്ടിവന്ന കടുത്ത സൈബര്‍ ആക്രമണത്തെ പരിഹസിച്ച് നടി സീമ ജി.നായര്‍ രംഗത്തുവന്നിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ‘പറന്ന് പറന്ന് പറന്ന്...’ എന്ന തന്‍റെ പഴയ സിനിമയുടെ പേരാണ് ഓര്‍മവരുന്നതെന്നായിരുന്നു പ്രതികരണം. സൈബര്‍ ആക്രമണത്തെക്കുറിച്ചും രാഹുല്‍ വിഷയത്തിലുള്ള നിലപാടിനെക്കുറിച്ചും സീമ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ബന്ധം?
വ്യക്തിപരമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറിയില്ല, രാഹുലിനെ പിന്തുണച്ചല്ല ഞാന്‍ പോസ്റ്റിട്ടത്. രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് രണ്ട് പോസ്റ്റിലും പറഞ്ഞിട്ടുണ്ട്. ഇത് കാണാതെ സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് കമന്റിടുന്നു. ഒരു തെറ്റ് സംഭവിച്ചാല്‍ അതില്‍ രണ്ടു പേര്‍ക്കും പങ്കുണ്ട്. ഏതെങ്കിലും ഒരുത്തന്‍ വിളിച്ചാല്‍ അങ്ങോട്ട് ഓടിപ്പോകരുത്. ഒരുപാട് നിയമങ്ങള്‍ മാറിവന്നതുകൊണ്ടും 18 വയസ് കഴിഞ്ഞാല്‍ എല്ലാ അവകാശവും കിട്ടിയെന്ന ധാരണയിലും ഇപ്പോഴത്തെ കുട്ടികള്‍ പലതും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. പിന്നെ ഉമ്മന്‍ചാണ്ടിയുടെ കാര്യം... ആ പാവം മനുഷ്യന്‍ അനുഭവിച്ചത് ഞാന്‍ നേരിട്ട് കണ്ടതാണ്. അതുകൊണ്ടാണ് ആ വിഷയത്തില്‍ പ്രതികരിച്ചത്. അതിന് ഇവരെല്ലാം കൂടി എന്നെ രാഹുലിന്റെ കുഞ്ഞമ്മയുടെ മോളാണെന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നുണ്ട്. അതിലെന്തുകാര്യം? രാഹുലിനെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. അകലെ നിന്നുപോലും കണ്ടിട്ടില്ല. സ്ത്രീകള്‍ക്കെതിരോ പുരുഷവിരോധിയോ അല്ല ഞാന്‍. എനിക്ക് ശരിയെന്ന് തോന്നിയത് പറഞ്ഞു, അത്രേയുള്ളൂ.
വിമര്‍ശനങ്ങള്‍ അതിരു കടന്നോ?
എന്റെ പോസ്റ്റിന്‍റെ ഉള്ളടക്കം മനസിലാക്കാതെ എനിക്കുനേരെ ആക്രോശിച്ചിട്ട് ഒരു കാര്യവുമില്ല. അവരുടെ ആക്രോശം എന്റടുത്ത് വിലപ്പോവില്ല. സീമ ജി നായര്‍ പെയ്ഡ് പ്രമോഷന്‍ നടത്തുന്നുവെന്നാണ് രണ്ടുപേരുടെ കമന്‍റ്. എന്റെ അക്കൗണ്ടില്‍ കിടക്കുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ അല്‍പം കൂടിപ്പോകും. എനിക്കിവിടത്തെ ഒരു നേതാക്കളെയും അറിയില്ല. ഒരു കോണ്‍ഗ്രസ് നേതാവിനെയും വിളിച്ചിട്ടില്ല. ഞാനിട്ട പോസ്റ്റ് ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കയറി മില്യണ്‍ അടിച്ചു. 9 മില്യണ്‍ ആയിക്കാണും ഇപ്പോള്‍, ഇതെന്റെ കുഴപ്പമാണോ?
കോണ്‍ഗ്രസ് വിലയ്ക്കെടുത്തോ?
ഞാനാരാ പാര്‍ട്ടിവക്താവോ? കോണ്‍ഗ്രസ് വിലക്കെടുക്കാന്‍ ഞാനാരാ? ഒരു സാധാരണ ആര്‍ട്ടിസ്റ്റ്. കുറച്ച് സോഷ്യല്‍വര്‍ക്കും ചെയ്യും. എനിക്ക് മനസിലാകുന്നില്ല, ഈ ഞാനാരാ? പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പൊങ്കാല പ്രതീക്ഷിച്ചിരുന്നു, എന്ത് പറഞ്ഞാലും കുഴപ്പമില്ല പക്ഷേ പൈസ മേടിച്ചിട്ടാണ് എഴുതുന്നതെന്ന് പറഞ്ഞാല്‍ അത് കേട്ടുനില്‍ക്കാനാവില്ല. ലൂസിഫറില്‍ മോഹന്‍ലാല്‍ കഥാപാത്രം സായി കുമാറിന്റെ കഥാപാത്രത്തോട് പറയുന്ന പ്രശസ്തമായ ഡയലോഗ് കൂടി ചേര്‍ത്തായിരുന്നു സീമയുടെ മറുപടി
അവര്‍ പൊങ്കാലയിട്ടോട്ടെ, എല്ലാ കമന്റുകളും വായിക്കാറുണ്ട്. കുത്തിയിരുന്ന് നല്ല മറുപടിയും കൊടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്ന് രാഹുല്‍ മുക്കിയ പൈസ എനിക്ക് കൊണ്ടുതന്നെന്നു പറഞ്ഞു ഒരുത്തന്‍. അതിനും തക്ക മറുപടി കൊടുത്തിട്ടുണ്ട്. ‘നിനക്കൊരു കുഴിമാടം തീര്‍ത്തിട്ടുണ്ട്, പിന്നെ 20 ലക്ഷത്തിന് ഒരു കൊട്ടാരവും വയ്ക്കാന്‍ പോകുന്നു’ എന്നായിരുന്നു മറുപടി.
രാഷ്ട്രീയം ഇല്ലേ?
രാഷ്ട്രീയത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. മുന്‍പ് ‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ചൊരു പോസ്റ്റിട്ടപ്പോള്‍ സംഘികളെല്ലാവരും കയറി എന്നെ തേച്ചൊട്ടിച്ചു, എന്നെ വിളിച്ച തെറിക്ക് കയ്യും കണക്കുമില്ല, അതുപോലെ വെറ്ററിനറി വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ചപ്പോള്‍ ഇടതുഗാങ്ങുകള്‍ എല്ലാം കൂടി എന്നെ കൊന്നു. പിന്നെ കോണ്‍ഗ്രസുകാര്‍, അവര്‍ തെറി വിളിക്കാന്‍ അത്ര ഉശിരില്ലാത്തവരാണ്. വല്ലതും വന്ന് പറയത്തേയുള്ളൂ. മറ്റുരണ്ടുകൂട്ടരാണ് തെറിയുടെ ആശാന്‍മാര്‍. ഒരാള്‍ക്ക് എതിരാണെന്ന് തോന്നിയാല്‍ അവരങ്ങ് തെറി വിളിക്കും. ഇതില്‍ പാര്‍ട്ടിയൊന്നുമില്ല. ഞാന്‍ എന്റെ രാഷ്ട്രീയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാഹുല്‍ വിഷയത്തിലെ പോസ്റ്റിന്‍റെ പേരില്‍ എല്ലാവരുംകൂടി എന്നെ കോണ്‍ഗ്രസുകാരിയാക്കുന്നുണ്ട്. വേണെങ്കില്‍ കോണ്‍ഗ്രസിലേക്കുപോകാം, ഇവരൊക്കെ തീരുമാനിക്കുന്നുണ്ടെങ്കില്‍.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തില്‍ സീമ ജി. നായര്‍ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് വലിയ ചർച്ചയായിരുന്നു. പോസ്റ്റിലെ കുറിപ്പിനു താഴെ സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തി. കടുത്ത സൈബര്‍ ആക്രമണമാണ് സീമയ്ക്കെതിരെ ഉണ്ടായത്. ‘പെർവെർട്ടിനെ പിന്തുണച്ചാൽ പിന്നെ പൊന്നാട കിട്ടുമെന്ന് കരുതിയോ ചേച്ചി?’ എന്നായിരുന്നു പുതിയ പോസ്റ്റിൽ ഒരാളുടെ കമന്റ്. ‘പൊന്നാടയല്ല, ചുരുങ്ങിയത് 10 പവൻ’ എന്നായിരുന്നു അതിന് സീമയുടെ മറുപടി.