പൂവിളിയില്‍ അത്തം പത്തൊരുങ്ങുന്ന നാട്ടില്‍ തൊടിയിലെ പൂക്കള്‍ക്ക് പകരമുള്ളവയ്ക്ക് പൊള്ളും വില. അയല്‍പ്പക്കക്കാരുടെ തോട്ടങ്ങളില്‍ വിരിഞ്ഞിറങ്ങിയ പൂക്കള്‍ മലയാളിയുടെ തട്ടിലേക്കെത്തുമ്പോള്‍ കീശ കാലിയാവും. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്താല്‍ വിപണിയില്‍ ഇരുപത് ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്.
അത്തമിടാനുള്ള പൂക്കള്‍ക്കായി വരവുകാരെ തേടിയിരിക്കുന്ന മലയാളിക്ക് തൊടിയിലെ പൂക്കളുടെ പകിട്ട് പറയാനേ തരമുള്ളൂ. ആഘോഷങ്ങള്‍ നിരനിരയാവുമ്പോള്‍ ചേലൊരുക്കുന്ന പൂക്കളുടെ പുഞ്ചിരി കാണണമെങ്കില്‍ വണ്ടികള്‍ കര്‍ണാടക, തമിഴ് നാട് അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തണം.
അത്തം പത്തിന് പൊന്നോണമെന്ന പഴമയുടെ ഓരം ചേര്‍ന്നുള്ള ആഘോഷത്തിന് ചെണ്ടുമല്ലിയും, വാടാമുല്ലയും, റോസും, പിച്ചിയും, താമരയും, അരളിയുമെല്ലാം അലങ്കാരം തീര്‍ക്കണം. പൂക്കള്‍ വിരിയുന്ന അത്ത തറകളില്‍ മാറ്റ് കൂടും. പക്ഷേ മടിശ്ശീല നന്നായി കിലുക്കേണ്ടി വരും.
തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗലൂരു തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പൂക്കളാണ് കൂടുതലായി കേരളത്തിലേക്കെത്തുന്നത്. ആവശ്യക്കാര്‍ ഏറുമ്പോള്‍ അവിടെയും വില ഉയരും. വിപണിയില്‍ പ്രതിഫലിക്കും. ഓണക്കാലത്ത് പൂക്കളും അവശ്യ വസ്തുക്കളുടെ പട്ടികയിലായതിനാല്‍ പണമല്ല പകിട്ടറിയിച്ച് ആഘോഷം കെങ്കേമമാക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെയാവുമ്പോള്‍ പൂവിപണിയും സമൃദ്ധിയുടെ സുഗന്ധം പരത്തും.