കൊച്ചിയിലെ കാനറാ ബാങ്ക് ഓഫീസിലും ക്യാൻ്റീനിലും ബീഫ് നിരോധിച്ചു കൊണ്ടുള്ള അധികൃതരുടെ നിലപാടിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെടി ജലീൽ. എന്ത് ഉടുക്കണം, എന്ത് ഭുജിക്കണം, എന്ത് ചിന്തിക്കണം എന്നതൊന്നും മേലുദ്യോഗസ്ഥർ തീരുമാനിക്കേണ്ടതല്ലെന്ന് അദ്ദേഹം കുറിച്ചു.
സംഘികളുടെ ഒരു തിട്ടൂരവും കേരളത്തിൽ നടക്കില്ല. ഈ മണ്ണ് ചുവന്നതാണ്. ഈ നാടിൻ്റെ ഹൃദയ നിറം ചുവപ്പാണ്. ഈ ദേശത്തെ മനുഷ്യരുടെ ചിന്തകൾക്ക് ചെമ്പനനീരിൻ്റെ സൗരഭ്യമാണ്. ചെങ്കൊടി പാറിപ്പറക്കുന്ന ദിക്കിൽ ഉൾഭയം കൂടാതെ ഫാഷിസ്റ്റുകൾക്കെതിരെ സംസാരിക്കാം, പ്രവർത്തിക്കാം. ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. കാരണം കമ്മ്യൂണിസ്റ്റുകാർ കൂട്ടിനുള്ളപ്പോൾ കാവിക്കൊടി ഉയർത്തി ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്താൻ സഖാക്കൾ ആരെയും അനുവദിക്കുന്നില്ല. അതാണ് ലോകം. അതാണ് ലോകചരിത്രം! - അദ്ദേഹം വ്യക്തമാക്കുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. എംജി റോഡിലെ കാനറാ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന സമരം എസ് കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. പി എം സോന, കെ പി സുശീൽ കുമാർ, എൻ സനിൽ ബാബു, എസ് എസ് അനിൽ എന്നിവർ സംസാരിച്ചു.