അതിയായ വേദനയോടെയും നടുക്കത്തോടെയുമാണ് എഡിജിപി മഹിപാൽ യാദവിന്റെ വിയോഗവാർത്ത അറിഞ്ഞതെന്ന് മന്ത്രി എംബി രാജേഷ്. എക്സൈസ് കമ്മീഷണർ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കമ്മീഷറായി പ്രവർത്തിക്കവേ തികഞ്ഞ കൂട്ടായ്മയോടും ഒരു ആശയക്കുഴപ്പവുമില്ലാതെയുമാണ് മുന്നോട്ടുപോയത്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റവും ലാളിത്യവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. അതേസമയം കർത്തവ്യ നിർവ്വഹണത്തിൽ കർക്കശക്കാരനുമായിരുന്നു.
അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കുന്നതിന്റെ തലേന്നുപോലും തൃശൂർ എക്സൈസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അന്ന് അദ്ദേഹം പതിവുപോലെ പ്രസന്നവദനനായിരുന്നു. പിറ്റേന്നാണ് അദ്ദേഹത്തിന് ഗുരുതരമായ രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം സ്വദേശമായ ജയ്പൂരിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ഇപ്പോൾ വന്നിരിക്കുന്നത്.
എക്സൈസ് സേനയ്ക്ക് പുതിയ ദിശാബോധം നൽകുന്ന ഇടപെടലുകളാണ് അദ്ദേഹം സ്വീകരിച്ചത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികൾ സ്വീകരിച്ചു. മയക്കുമരുന്നിന്റെ ഉറവിടം തേടി ആൻഡമാനിലും തമിഴ്നാട്ടിലും ഡൽഹിയിലും ഉൾപ്പെടെ ഈ കാലഘട്ടത്തിൽ എക്സൈസ് വിപുലമായ ഓപ്പറേഷനുകൾ നടത്തുകയും, പ്രതികളെ പിടികൂടുകയും, മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. എക്സൈസിൽ ദീർഘകാലമായി ഉണ്ടായിരുന്ന സീനിയോറിറ്റി പ്രശ്നം പരിഹരിച്ചതും, ഏറ്റവുമധികം ഉദ്യോഗസ്ഥർ പുതിയതായി സേനയിലേക്ക് വന്നതും ആ കാലത്തായിരുന്നു.
രാജസ്ഥാൻ സ്വദേശിയായ മഹിപാൽ യാദവ് 1997 ബാച്ചിലെ ഐ പി എസ് ഓഫീസറാണ്. കേരളാ പൊലീസിലും സി ബി ഐയിലും ബി എസ് എഫിലും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചു. ബി എസ് എഫിൽ ഐ ജി ആയി ജോലി ചെയ്യവെയാണ് 2023 ജൂൺ 9 ന് അദ്ദേഹം എക്സൈസ് കമ്മീഷണറായി നിയമിക്കപ്പെട്ടത്. രണ്ട് വർഷക്കാലം അദ്ദേഹം എക്സൈസ് വകുപ്പിൽ സേവനം അനുഷ്ടിച്ചു. 2025 മെയ് 22 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. എക്സൈസ് സേനയ്ക്കാകെ ഊർജ്ജവും അഭിമാനവുമായിരുന്ന ഒരു ഉദ്യോഗസ്ഥനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
ആശുപത്രിയിലുള്ള സമയത്ത് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയോടും സഹപ്രവർത്തകരോടും രോഗവിവരങ്ങളും ചികിത്സാ പുരോഗതിയും നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. രോഗത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചു വരുമെന്ന് തന്നെയായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾ ഇപ്പോൾ അസ്ഥാനത്തായിരിക്കുകയാണ്. പൊടുന്നനെയുണ്ടായ രോഗബാധയും മരണവും ഇപ്പോളും അവിശ്വസിനീയമായി തോന്നുന്നുവെന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.