പതിനഞ്ചാം കേരള നിയമസഭയിലെ ഏക മുസ്‍ലിം വനിതാ എം.എല്‍.എ. ചെങ്കൊടി പിടിച്ച് അവര്‍ നടന്നു കയറിയത് നിയമസഭയിലേക്ക് മാത്രമല്ല മലബാറിന്‍റെ ചരിത്രത്തിലേക്ക് കൂടിയാണ് . പറഞ്ഞുവന്നത് മറ്റാരെയും കുറിച്ചല്ല കൊയിലാണ്ടിയുടെ സ്വന്തം കാനത്തില്‍ ജമീലയെ കുറിച്ചാണ്. 1995 തുടങ്ങി 2025 വരെ നീണ്ട രാഷ്ട്രീയ ജീവിതം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ ജമീലയ്ക്ക് രാഷ്ട്രീയ എതിരാളിയെ മാത്രമായിരുന്നില്ല നേരിടേണ്ടിവന്നത്. സ്വന്തം വിശ്വാസത്തെ ചൊല്ലിയും എതിര്‍പ്പുകളുണ്ടായി . മതനിന്ദപോലും ആരോപിക്കപ്പെട്ടു. എല്ലാ എതിര്‍പ്പുകളെയും സമചിത്തതയോടെ അവര്‍ നേരിട്ടു. ആരെയും വേദനിപ്പിച്ചില്ല . സൗമ്യമായ മുഖത്തോടെ ഏതിര്‍പ്പുകളെ നേരിട്ട അവര്‍ക്ക് സൈബര്‍ ആക്രമണങ്ങളെയും മറികടക്കേണ്ടി വന്നു. തകര്‍ക്കാന്‍ നടന്ന പരിശ്രമങ്ങളെയെല്ലാം അതിജീവിച്ച് അവര്‍ 2021 മെയ് 2ന് കൊയിലാണ്ടിയുടെ അമരക്കാരിയായി നിയമസഭയിലേക്ക്.
സാധാരണ വിട്ടമ്മയില്‍ നിന്നും ജനമനമറിയുന്ന നേതാവായുള്ള ജമീലയുടെ വളര്‍ച്ച അവിശ്വസിനയമോ അല്‍ഭുതമോ ആയിരുന്നില്ല. മറിച്ച് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും ജനങ്ങള്‍ക്കിടയല്‍ ആര്‍ജിച്ച വിശ്വാസവും സ്നേഹവും അവരെ ഒരു നേതാവായി വളര്‍ത്തുകയായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ജമീല പൊതുരംഗത്ത് എത്തുന്നത്. ഒന്‍പതാംക്ലാസില്‍ എസ്.എഫ്.ഐക്ക് വേണ്ടി സ്കൂള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണ് തുടക്കം. ആണാധിപത്യം കൊടികുത്തി വാഴുന്ന കാലത്താണ് മലബാറില്‍ നിന്നും അവര്‍ പോരാട്ടം തുടങ്ങുന്നത്. വിദ്യാഭ്യാസകാലത്ത് നെഞ്ചേലേറ്റിയ ഇടത് വിശ്വാസത്തെ തൊഴിലിടത്തേക്കും അവര്‍ കൂടെകൂട്ടി. എല്‍.ഐ,സി ഏജന്‍റായി ജോലി ചെയ്യുന്ന കാലത്താണ് തന്‍റെ ചുറ്റുമുള്ളവരുടെ വേദനകളെ അവര്‍ തൊട്ടറിഞ്ഞത്. നാടിന്‍റെ പരിഭവങ്ങളും പരാതികളും കേട്ടത്. ജനങ്ങളില്‍ നിന്ന് കേട്ടറിഞ്ഞപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ജനാധിപത്യ മാര്‍ഗത്തില്‍ പോരാട്ടത്തിനൊരുങ്ങി. 1995ല്‍ പഞ്ചായത്തിലേക്ക് മല്‍സരിച്ച കാനത്തില്‍ ജമീല അന്നത്തെ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി. വെറുമൊരു പഞ്ചായത്തംഗമാകുമെന്ന് കരുതിയിടത്ത് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നല്‍കിയപ്പോള്‍ തനിക്കൊന്ന് ഉറക്കെ കരയാനാണ് തോന്നിയതെന്നായിരുന്നു ഇതേക്കുറിച്ച് ജമീല പിന്നീട് പറഞ്ഞത്. അധികാരമേറ്റ് മാസങ്ങള്‍ക്കപ്പുറം ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചു. കുടിവെള്ളക്ഷാമത്താൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് വെള്ളം എത്തിക്കാനും എല്ലാ വീടുകളിലും
2000ൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ. 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് . 2010, ലും 2020ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. 2010ല്‍ ഒറ്റ സീറ്റിന്‍റെ ബലത്തില്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫിന് മുന്നോട്ടുള്ള ഭരണത്തില്‍ ആശങ്കകള്‍ ഏറെ ആയിരുന്നെങ്കിലും ജമീല ഉലയാതെ നിന്നു. അഞ്ച് കൊല്ലം തികയ്ക്കുമോ എന്ന് ആശങ്കപ്പെട്ടവര്‍ക്ക് മുന്നില്‍ 2020ലും ജില്ലാ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് കസേരയില്‍ ഇരുന്ന് കാണിച്ചുകൊടുത്തു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമം, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ പ്രസിഡന്‍റ് സ്ഥാനം വഹിച്ച അപൂർവ വനിത എന്ന റെക്കോർഡും കാനത്തിൽ ജമീലയ്ക്കുണ്ട്.
ജമീലയിലെ കമ്യൂണിസ്റ്റിന് പാര്‍ട്ടി നല്‍കിയ അംഗീകാരമായിരുന്നു കൊയിലാണ്ടിയിലെ എം.എല്‍.എ സ്ഥാനാര്‍ത്ഥിത്വം. സംവരണ സീറ്റുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന സ്ത്രീ സ്ഥാനാര്‍ഥികളെന്ന സ്ഥിരം പല്ലവിക്ക് മാറ്റം കുറിച്ച രാഷ്ട്രീയ പ്രവര്‍ത്തകകൂടിയായി അങ്ങിനെ കാനത്തില്‍ ജമീല . കൊയിലാണ്ടിക്കാരും ആ അംഗീകാരത്തെ അടിവരയിട്ട് ഉറപ്പിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ എൻ.സുബ്രഹ്‌മണ്യനെ 8,472 വോട്ടിന് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തിയത്. അവിടെയും സ്ത്രീകള്‍ക്കായും മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായും പോരാട്ടം തുടര്‍ന്നു. പാര്‍ട്ടിയുടെ അച്ചടക്കമുള്ള നേതാവ്.
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് ജമീല.
നിയമസഭ അവസാനമായി ചേര്‍ന്നപ്പോഴും ജമീലയുടെ സാന്നിധ്യമുണ്ടായിരുന്നു. സൗമ്യമായി ചിരിച്ച് ചുറ്റുമുള്ളവരെ കേട്ടിരുന്ന നേതാവിന്‍റെ ഭൗതിക ശരീരം വിട്ട് പോകുമ്പോഴും ആ ഓര്‍മ മനസില്‍പ്പേറുന്നവര്‍ക്ക് ഇങ്ങെനെ ഉറക്കെ വിളിക്കാനേ കഴിയൂ.