ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ താന്‍ ഒളിവിലെന്ന വാദങ്ങളെ തള്ളി മനാഫ്. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകളില്‍ നിരവധി വിഡിയോകള്‍ ചെയ്ത മനാഫ് ഒളിവിലാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് താന്‍ ജയിലിലായി എന്നാണ് മനാഫ് പറയുന്നത്.
'ചില മാധ്യമങ്ങള്‍ ജയിലിലാണെന്ന് പറയുന്നു. അല്‍ ജസീറയെ കൊണ്ടു വന്നത് താനാണെന്നും കോടി കണക്കിന് രൂപ എനിക്ക് വന്നെന്നും ആരോപണമുണ്ട്. കേരളത്തിലുള്ള ആള്‍ക്കാരെ വിഷയം അറിയിച്ചു. ഇതാണ് ഞാന്‍ ചെയ്ത തെറ്റ്. എനിക്ക് അമ്മമാരുടെ കണ്ണീര്‍ കാണാന്‍ ആഗ്രഹമില്ല. കൊല്ലപ്പെട്ടവര്‍ക്ക് നീതി കിട്ടണം. അന്വേഷിക്കുന്ന കാര്യങ്ങള്‍ സത്യമാണ്. സുജാത ഭട്ട് പറയുന്ന കാര്യങ്ങള്‍ സത്യമാണ്' മനാഫ് വിഡിയോയില്‍ പറഞ്ഞു.
കൊലപാതകം ആരു നടത്തി എന്തിന് നടത്തി എന്ന് ചോദിച്ചതാണ് തെറ്റ്. ഒന്നു രണ്ടിടത്ത് നിന്നും കിട്ടിയ അസ്ഥികള്‍ ആരുടേതാണ്? ഏത് പൊലീസ് വന്നാലും പ്രശ്നമില്ലെന്നും തെറ്റു ഉണ്ടെങ്കില്‍ എന്നെ തൂക്കികൊല്ലാവുന്നതാണെന്നും മനാഫ് പറഞ്ഞു. ന്യായത്തിന് വേണ്ടിയാണ് സംസാരിച്ചത്. ഇനിയും സംസാരിക്കും. നീതിക്ക് വേണ്ടി പോരാടുമെന്നും മരിക്കുകയാണെങ്കില്‍ സന്തോഷത്തെടെ സ്വീകരിക്കുമെന്നും മനാഫ് പറഞ്ഞു.
'ഷിരൂരിലും ഇതുപോലെയായിരുന്നു. എനിക്കെതിരെ എന്തൊക്കെ പ്രചാരണം നടന്നു. ഇന്നും വേട്ടയമാടുന്നു. ഈ പോരാട്ടത്തില്‍ അവസാനം കണ്ടിട്ടെ അടങ്ങു. പോരാട്ടത്തില്‍ ഏത് അറ്റംവരെ പോകാനും തയ്യാറാണ്. എന്ത് പ്രയാസം വരുമെങ്കിലും നേരിടും. മനാഫിനെ പോലെ ഒരുപാട് പേര്‍ രംഗത്തുവരണം' എന്നും മനാഫ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്‍റെ ലോറിയുടെ ഉടമയായിരുന്നു മനാഫ്. ഷിരൂര്‍ സംഭവത്തിലൂടെ മാധ്യമശ്രദ്ധ ലഭിച്ച മനാഫ് പിന്നീട് ലോറിഉടമ മനാഫ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് സ്ഥലത്തു നിന്നും നിരവധി വിഡിയോകള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ധര്‍മസ്ഥല വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ വെളിപ്പെടുത്തൽ ആദ്യം റിപ്പോർട്ട് ചെയ്ത യൂട്യൂബ് ചാനൽ ഉടമയെ അന്വേഷണസംഘം ചോദ്യം ചെയ്തു. സമീർ എന്നയാളെയാണ് ബെൽത്തങ്ങാടിയിലെ ഓഫീസിൽ എസ്.ഐ.ടി ചോദ്യം ചെയ്യുന്നത്. ഇയാൾക്ക് ഗൂഢലോചനയിൽ പങ്കുണ്ടെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ നേരത്തെ ആരോപിച്ചിരുന്നു.
അറസ്റ്റിലായ മുന്‍ശുചീകരണത്തൊഴിലാളി സി.എന്‍. ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയെ പറ്റി എസ്ഐടി അന്വേഷണം നടത്തുകയാണ്. ഈ തലയോട്ടി ആരുടേതാണന്നു കണ്ടെത്താനാണു എസ്.ഐ.ടിയുടെ തീരുമാനം. തലയോട്ടിയിലുണ്ടായിരുന്ന മണ്ണ് ധര്‍മ്മസ്ഥലയിലെ മണ്ണുമായി യോജിക്കുന്നില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വലിയ ഗൂഡാലോചന വെളിപ്പെടുത്തലിനു പിന്നിലുണ്ടെന്ന് കണ്ടെത്തി. 2023 ഡിസംബറില്‍ ഒരുസംഘം രണ്ടു ലക്ഷം രൂപ നല്‍കിയെന്ന് ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.