സ്ട്രൈക്കര്‍ ലൈനില്‍ വച്ച് ഓരോ കോയിനുകളും പോക്കറ്റിലേക്ക് തൊടുത്ത് ഷാഫി പറമ്പില്‍ എം.പി. മുഖത്ത് ആ പതിവ് ചിരിയും. അവസാനം കളിച്ച് ജയിച്ച് എല്ലാവര്‍ക്കും കൈ കൊടുത്ത് ഷാഫി മടങ്ങി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ചര്‍ച്ച സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുമ്പിരി കൊള്ളുന്നതിനിടെയായിരുന്നു ഷാഫിയുടെ കാരംസ് കളി. വടകര മണ്ഡലത്തിലെ മണിയൂരിലെ വോട്ടർമാർക്കൊപ്പമായിരുന്നു കാരംസ് കളി . രാഹുലിനെ ഷാഫി സംരക്ഷിക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ഇന്നലെ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി.

ഗുരുതര ലൈംഗികാധിക്ഷേപ ആരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. രാഹുൽ രാജിവച്ചാൽ പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പിന് വേദിയാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജിയില്ലാത്ത പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ കടുത്ത നടപടിയുണ്ടാകും. വിഴുപ്പു ചുമക്കേണ്ടെന്നും രാഹുലിനെ കൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കാനുമാണ് നേതൃത്വം ആദ്യം ധാരണയായത്. രാജിയാവശ്യം അവഗണിച്ച് പ്രതിരോധം തീർക്കാൻ ഇറങ്ങിയ രാഹുൽ നേതൃത്വത്തിന് വിശദീകരണം നൽകാൻ തയാറെടുക്കുകയാണ്

ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതുൾപ്പെടെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ കുപ്പായം അഴിച്ചുവയ്പ്പിക്കണമെന്ന പൊതുവികാരമാണ് കോൺഗ്രസിലാകെ . ഇത് മുൻനിർത്തി തന്നെയാണ് വിഷയത്തിൽ നേതൃത്വം നിയമോപദേശം തേടിയത്. എന്നാൽ വൈകിട്ടോടെ കിട്ടിയ ആദ്യ നിയമോപദേശം രാജി ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്ന് മറുപടി നൽകി. അതാണ് രാജി വേണ്ടെന്ന് തീരുമാനത്തിലേക്ക് നേതൃത്വത്തെ എത്തിക്കുന്നത്. ഒരു വർഷത്തിൽ താഴെ കാലാവധി ഉള്ളൂ എങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ മറികടക്കാൻ കമ്മീഷന് കഴിയും. ബിജെപി ആഗ്രഹിക്കുന്ന ഉപതിരഞ്ഞെടുപ്പാണെന്ന് ഇരിക്കെ അതിനവസരം ഒരുക്കി കൊടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി.

ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാലും രാഹുൽ മത്സരിച്ച് വിജയിച്ചതും. വീണ്ടും ഉപതിരഞ്ഞെടുപ്പുണ്ടായാൽ ഒരു മണ്ഡലത്തിൽ ഒരു നിയമസഭാ കാലത്തെ രണ്ടു ഉപതിരഞ്ഞെടുപ്പിന് വേദിയൊരുക്കി എന്നുള്ള ചീത്തപ്പേര് കേൾക്കേണ്ടിവരുമെന്നും നേതൃത്വം വിലയിരുത്തി. രാജി ഇല്ലെങ്കിൽ പിന്നെ എന്തെന്ന് ചോദ്യത്തിന്, കടുത്ത നടപടിയാണ് നേതൃത്വം ഉറപ്പു നൽകുന്നത്. രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യും. പാർലമെൻററി പാർട്ടിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്യും. ചുരുക്കത്തിൽ നിയമസഭയിൽ കോൺഗ്രസിന്റെ ഊഴത്തിൽ പ്രസംഗിക്കാൻ പോലും അവസരം കൊടുക്കില്ല. സമാന്തരമായി പാർട്ടി അന്വേഷണവും നടക്കും.

ENGLISH SUMMARY:

Shafi Parambil is seen playing carroms amidst the Rahul Mamkootathil controversy. The Congress party is facing a dilemma regarding Rahul's resignation due to potential by-elections in Palakkad.