Image Credit: instagram.com/jasmin__jaffar
ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് സമൂഹ മാധ്യമത്തിൽ ക്ഷമാപണം നടത്തുന്ന കുറിപ്പ് പങ്കുവച്ചത്. ‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, ജാസ്മിൻ ജാഫർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ടെംപിൾ പൊലീസിൽ പരാതി നൽകിയിരുന്നു.