ആര്‍ത്തവ വിരാമത്തെക്കുറിച്ചുള്ള മനസിലെ ഏറ്റക്കുറച്ചിലുകള്‍ വരയായി മാറിയ കാലം. സ്ത്രീകള്‍ അനുഭവിക്കുന്ന പിരിമുറുക്കങ്ങള്‍ പ്രമേയമായി രജസ്വല പ്രദര്‍ശനം. അധ്യാപികയും എഴുത്തുകാരിയുമായ അശ്വതി അരവിന്ദാക്ഷന്‍റെ വര്‍ണ വിസ്മയം തീര്‍ത്ത ചിത്രങ്ങളിലുണ്ട് സ്ത്രീകളുടെ മാനസിക സംഘര്‍ഷത്തിന്‍റെ വേലിയേറ്റം.
പറയാനൊരുപാടുണ്ട്. പലപ്പോഴും പറയാനാവാതെ മനസിലൊതുക്കി ചിരിച്ച് നീങ്ങുന്നതാണ് ശീലം. ഉള്ളിലുറയുന്ന തീഷ്ണതയും, അതിവൈകാരിക ചിന്തകളും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി വഴിമാറ്റി നീങ്ങുന്നവള്‍. അങ്ങനെയൊരു കാലഘട്ടത്തില്‍ ഉള്ളില്‍ തോന്നുന്നതെല്ലാം ക്യാന്‍വാസിലാക്കി മാറ്റിയ ചിത്രങ്ങളാണ് രജസ്വലയിലുള്ളത്. ഏറിയും കുറഞ്ഞും ഒരുപാട് ചിന്തകള്‍ കടന്നുപോവുന്ന കാലചക്രം. ആര്‍ത്തവ വിരാമകാലം.
ബ്രഷ് ഉപയോഗിക്കാതെ വിരലും നഖങ്ങളും കൊണ്ട് വിസ്മയം തീര്‍ത്തതാണ് അശ്വതി അരവിന്ദാക്ഷന്‍റെ ചിത്രങ്ങള്‍. 28 ചിത്രങ്ങളില്‍ ഓരോന്നും ഒന്നിനൊന്ന് മികവാര്‍ന്ന ചിന്തകള്‍ സമ്മാനിക്കുന്നവ. സ്ത്രീയുടെ സമ്മര്‍ദഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് പ്രദര്‍ശനഹാളിലെ ബോര്‍ഡില്‍ വിരല്‍ പതിപ്പിച്ച് ഐക്യപ്പെടാം. അധ്യാപികയും എഴുത്തുകാരിയുമായ അശ്വതി എഴുത്തിലും വരയിലും ഒരുപോലെ മികവറിയിച്ച് നീങ്ങുകയാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ പ്രദര്‍ശനം നേരിട്ടറിയാന്‍ നിരവധിപേരാണ് എത്തുന്നത്.