meno-divorce

TOPICS COVERED

ഒരുമിച്ച് ജീവിച്ച ഒരുപാട് കാലത്തെ ഓര്‍മകളോട്  ബൈ പറഞ്ഞൊരിറക്കം. ഭൂതകാലത്തെ  ഊഷ്മള നിമിഷങ്ങളൊന്നും ഒപ്പം കൂട്ടാതെ യാത്ര. പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യത്തില്‍ നിന്നുള്ള പടിയിറക്കം അത്രസുഖമുള്ളൊരു കാര്യമൊന്നുമല്ല. എന്നിട്ടും  പുതിയൊരു കാലത്തിനായി കൈകൊടുക്കുകയാണ് പടിയിറങ്ങുന്ന ഓരോ സ്ത്രീയും.   

 വീട്, ഭര്‍ത്താവ്, കുട്ടികള്‍, കൊച്ചുമക്കള്‍ എല്ലാവര്‍ക്കുമായി മാറ്റിവച്ച് കിട്ടുന്നതെല്ലാം പങ്കിട്ട്  വിശ്രമമില്ലാതെ ഓടി അവസാനിക്കുന്നതായിരിക്കും പലപ്പോഴും സ്ത്രീകളുടെ ജീവിതം . ഇതിനിടെ മധ്യവയസ്സിലേക്കെത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ അവരെ ആശയക്കുഴപ്പത്തിലാക്കും. എപ്പോഴെങ്കിലും അവനവനു വേണ്ടി ജീവിച്ചിട്ടുണ്ടോ എന്ന ചോദ്യം. എനിക്കു വേണ്ടി ഞാന്‍ ഇതുവരെ എന്തുചെയ്തു എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടുന്നവരാണ് പല സ്ത്രീകളും. വര്‍ഷങ്ങളായി തുടരുന്ന ഈ യാന്ത്രികതയെ പുതിയ കാലത്തെ സ്ത്രീകള്‍ നേരിടുന്നത്  കുറേക്കൂടി സ്വാതന്ത്ര്യബോധത്തോടെയാണ് എന്ന് പഠനങ്ങള്‍. മടുപ്പിക്കുന്ന ദാമ്പത്യജീവിതത്തിന് ഫുള്‍സ്റ്റോപ്പിടാനുള്ള ധീരമായ തീരുമാനമെടുക്കാന്‍ പലര്‍ക്കും സാധിക്കുന്നത് ആര്‍ത്തവവിരാമകാലത്താണ് എന്നതാണ് പുതിയ കാലത്ത് കണ്ടുവരുന്ന ഒരു പ്രധാന മാറ്റം.

എന്താണ് ആര്‍ത്തവവിരാമ വിവാഹ മോചനം അഥവാ മെനോ ഡിവോഴ്സ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്?

ആർത്തവവിരാമം അല്ലെങ്കിൽ പെരിമെനോപോസ് സ്ത്രീകളെ കൂടുതലായും അവരുടെ വിവാഹത്തെ പുനർമൂല്യനിർണയം ചെയ്യാനും വിരസമായ ജീവിതാവസ്ഥകളെ ഉപേക്ഷിക്കാനുമുള്ള ധൈര്യം നല്‍കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മധ്യവയസ്കരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ Noon അടുത്തകാലത്ത് നടത്തിയ ഒരു സര്‍വേയില്‍ 45നും 65നും ഇടയില്‍ പ്രായമള്ള  മൂന്ന് സ്ത്രീകളിൽ ഒരാളെങ്കിലും അവരുടെ മടുപ്പിക്കുന്ന വൈവാഹിക ജീവിതത്തില്‍ നിന്നും പിന്‍മാറാന്‍ തയാറാകുന്നുണ്ടെന്ന് കണ്ടെത്തി. ആ തീരുമാനത്തില്‍ അവര്‍ മുന്‍പുള്ളതിനേക്കാള്‍ സന്തുഷടരാണെന്നും പഠനം സൂചിപ്പിക്കുന്നു. ബ്രിട്ടണിലെ രണ്ടായിരത്തിലധികം സ്ത്രീകളില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍വേ പ്രകാരം 46 ശതമാനം വിവാഹമോചനങ്ങള്‍ക്കും മുന്‍കയ്യെടുത്തത് സ്ത്രീകള്‍ തന്നെയാണ്.

എന്താണ് മെനോ ഡിവോഴ്സിന് സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍? യഥാര്‍ഥത്തില്‍ മധ്യവയസ്സില്‍ എന്ത് മാറ്റങ്ങളാണ് സ്ത്രീകളില്‍ സംഭവിക്കുന്നത്?

വൈകാരികമായും സാമൂഹികമായും ഹോര്‍മോണ്‍ സംബന്ധമായും പെണ്‍മനസ്സ് ഏറെ സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ് മധ്യവയസ്സ്. ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടില്ലാത്ത ആഗ്രഹങ്ങള്‍, തെറ്റായ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സംശയങ്ങള്‍, ജീവിതത്തിന്‍റെ യാന്ത്രികത എന്നിവ ഈ ഘട്ടത്തിലാണ് സ്ത്രീയെ കൂടുതല്‍ ബാധിക്കുക. ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ പലരും അതുവരെ കടന്നുപോയ വൈവാഹജീവിതത്തെ വിശകലനം ചെയ്തുതുടങ്ങും. ചിലര്‍ അസംപൃതികളില്‍ നിന്നും എന്നെന്നേക്കുമായി ഇറങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു.  മറ്റുചിലര്‍ അതുവരെയും ലഭിച്ച സന്തോഷം തന്നെ ധാരാളമെന്ന ചിന്തയില്‍ സംതൃപ്തരാകുന്നു. അതുകൊണ്ടുതന്നെ ആർത്തവവിരാമവും വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം വിദഗ്ധർ തള്ളിക്കളയുന്നില്ല. ‌മധ്യവയസ്സിലെ വിവാഹമോചനം പലപ്പോഴും പല സ്ത്രീകൾക്കും അതുവരെ അനുഭവിച്ചുപോന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനം നൽകുന്ന ഒന്നാണെന്നും മാനസികാരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ സ്വതന്ത്രവ്യക്തിത്വത്തിലേക്കും സ്വന്തം ഇടങ്ങളിലേക്കും കടന്നുചെല്ലാനുള്ള അവസരമൊരുക്കുന്നു. വിവാഹമോചനം നേടിയ 56 ശതമാനം സ്ത്രീകളും തങ്ങൾക്ക് ജീവിതത്തില്‍ ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് സർവേയില്‍ പ്രതികരിച്ചത്.

സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വന്ന ഈ മാറ്റം ഇന്ത്യക്കാരിലും  വ്യത്യസ്തമല്ല. മധ്യവയസ്സില്‍ സ്ത്രീകള്‍ തങ്ങളുടെ വൈവാഹിക ജീവിതത്തെ പുനര്‍നിര്‍ണയിക്കുന്നത് ഇന്ത്യയിലും ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. വൈകാരികമായ അവഗണന, തുല്യതയില്ലാത്ത ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍, എന്നിവയൊക്കെ സഹിക്കാന്‍  സ്ത്രീകളെ വ്യവസ്ഥ ചെയ്യുന്ന സാമൂഹിക സാഹചര്യം തന്നെയാണ് ഇവിടെ ഒരു പ്രധാന വില്ലന്‍. ജീവശാസ്ത്രം, ശരീരശാസ്ത്രം, മനഃശാസ്ത്രം എന്നിവയെ ആഴത്തിലും പ്രാധാന്യത്തോടെയും ബാധിക്കുന്ന ആർത്തവവിരാമം അല്ലെങ്കിൽ പെരിമെനോപോസ് സ്ത്രീകളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.  സ്ത്രീകൾക്ക് ഏറെ ശ്രദ്ധയും പരിചരണവും വേണ്ട സമയമായതിനാല്‍ ഈ സമയത്തുള്ള അവഗണന പലരെയും  വിവാഹമോചനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കാറുണ്ട്.കുടുംബത്തിന്‍റെ ഭാരം, കുട്ടികളുടെ പഠിപ്പ്, മുതിര്‍ന്നവരുടെ അനാരോഗ്യം എന്നിവയെല്ലാം ദമ്പതികള്‍ക്കിടയില്‍ ബന്ധങ്ങളുടെ ഊഷ്മളത കവര്‍ന്നെടുത്തേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ നല്ല മകൾ, മരുമകൾ, ഭാര്യ, അമ്മ എന്നീ നിര്‍ബന്ധിത മേൽവിലാസങ്ങളിൽ നിന്നുള്ള മോചനം കൂടിയാണ് സ്ത്രീകളെ സംബന്ധിച്ച് ആർത്തവ വിരാമ കാലത്തിലെ വിവാഹ മോചനം. അതുവരെയുണ്ടായിരുന്ന എല്ലാം പൊളിച്ചെഴുതാന്‍ അവര്‍  നിർബന്ധിതരാകുന്നത് വിവാഹമോചനം എളുപ്പമായതുകൊണ്ടല്ല, മറിച്ച് വൈകാരിക ഭാരം ലഘൂകരിക്കാന്‍ ഈ മാറ്റം അവരെ സഹായിക്കുമെന്നതുകൊണ്ട് തന്നെയാണ്. അതിലൂടെ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട സ്വത്വം തന്നെയാണ് അവര്‍ തേടുന്നത്. സമൂഹത്തെക്കുറിച്ച് തലപുകയ്ക്കാതെ, സ്വന്തം അവകാശങ്ങൾ, മുൻഗണനകൾ, സൗഹൃദങ്ങൾ എന്നിവയെക്കുറിച്ച് അവർ വീണ്ടും ചിന്തിച്ചു തുടങ്ങും. പ്രായവും അനുഭവവും കൂടുന്നതിനനുസരിച്ച്, സ്ത്രീകൾക്ക് തങ്ങളെയും പങ്കാളികളെയും നന്നായി മനസ്സിലാക്കാൻ സാധിക്കുമെന്നതിനാല്‍  ബന്ധങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരുമെന്നതും ഒരു യാഥാര്‍ഥ്യമാണ്.

എന്നാല്‍ ആർത്തവവിരാമം മാത്രമാണോ വിവാഹമോചനത്തിന് കാരണമാകുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. വളരെക്കാലമായി ബന്ധത്തിൽ വളർന്നുവന്ന വിള്ളലുകള്‍ക്ക് വ്യാപ്തിയേറുക മാത്രമാണ്  മധ്യവയസ്സില്‍ സംഭവിക്കുന്നത്. പെരിമെനോപോസ്, ആർത്തവവിരാമം എന്നിവയെക്കുറിച്ച്  പുരുഷന്‍മാര്‍ ബോധവാന്‍മാരാവുകയും    അന്യോന്യമുള്ള ആശയവിനിമയത്തിലൂടെ പങ്കാളിയുമായുള്ള അകല്‍ച്ച കുറയ്ക്കുകയുമാണ്  ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്

ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായവും വ്യായാമവും എല്ലാം കൊണ്ട് മാനസിക സമ്മര്‍ദ്ദത്തെ ലഘൂകരിക്കാന്‍ ഒപ്പം നില്‍ക്കണം.  ആർത്തവവിരാമം "അവളുടെ പ്രശ്‌നം" ആക്കുന്നത് ഒഴിവാക്കുക. ക്ഷമയോടെ, സ്നേഹത്തോടെ പങ്കാളിക്ക് വൈകാരിക പിന്തുണ നല്‍കുക. സങ്കീര്‍ണമായ ആ ഘട്ടത്തെ ഒരുമിച്ച് അതിജീവിക്കാനായാല്‍ മനോഹരമായ ജീവിതം ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ.

ENGLISH SUMMARY:

Menopause divorce is a phenomenon where women initiate divorce during or after menopause. This often stems from a re-evaluation of life and relationships, leading to a desire for personal fulfillment and freedom