തുടർച്ചയായി ആരോപണങ്ങൾ വന്ന പശ്ചാത്തലത്തിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിളിച്ച് പരിഹസിച്ച് പിഎംആർഷോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭാവി മുഖ്യമന്ത്രി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമല്ല, എംഎൽഎ സ്ഥാനം രാജി വെച്ചൊഴിയണമെന്ന് ആർഷോ കുറിച്ചു. ഇല്ലെങ്കിൽ പണ്ട് പത്തനംതിട്ട അങ്ങാടിയിലൂടെ മൂട്ടിൽ തീ പിടിച്ചോടിയാ ഓട്ടമുണ്ടല്ലോ, അതിലും സ്പീഡിൽ പാലക്കാട്ടുകാർ ഓടിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നു.
അതേസമയം എഴുത്തുകാരി ഹണി ഭാസ്കരന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി പുറത്ത് വിട്ടിട്ടുള്ളതെന്നും, അതിന് താഴോട്ടുള്ള ചാറ്റ് എന്ത് കൊണ്ടാണ് അവർ പുറത്ത് വിടാത്തതെന്നും രാഹുൽ ചോദിക്കുന്നു.
'ഇവര്‍ ശ്രീലങ്കയില്‍ പോയപ്പോള്‍ പങ്കുവച്ച സ്റ്റാറ്റസിനിട്ട വെള്ള ഹൃദയ ചിഹ്നം മാത്രമാണ് ഹണി പുറത്തുവിട്ടിരിക്കുന്നത്. അതിന് താഴോട്ടുള്ള സംഭാഷണം എന്താണ് പുറത്ത് വിടാത്തത്. 2 പേർ തമ്മിൽ സംസാരിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണെങ്കിൽ, അവര് ചെയ്തതും കുറ്റകൃത്യമല്ലേ? ഞാൻ അവരെപ്പറ്റി മോശമായി ആരോടോ പറഞ്ഞുവെന്നാണ് അവരുടെ ആക്ഷേപം. അതാരാണെന്ന് വെളിപ്പെടുത്തണം. ആ ആക്ഷേപം തെളിയിക്കേണ്ട ഉത്തരവാദിത്തം ഹണിക്കാണ്. ഞാൻ അവരെപ്പറ്റി ആരോടാണ് മോശമായി പറഞ്ഞതെന്ന് ഹണി തുറന്നു പറയണം. പരാതി കൊടുത്താൽ ഞാൻ കോടതിയിൽ എന്റെ നിരപരാധിത്വം തെളിയിച്ചോളാം'. രാഹുൽ വ്യക്തമാക്കുന്നു.
നിയമവിരുദ്ധമായ എന്തെങ്കിലും ഞാന്‍ ചെയ്തോ? എനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് എന്നോട് പറഞ്ഞിട്ടില്ല. തെളിവുകളുണ്ടെങ്കിൽ ഹണി പുറത്തുകൊണ്ടുവരട്ടെ. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായപ്പോൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ആരോപണം ഉന്നയിച്ചു. എന്തെങ്കിലും തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ ഞാൻ പരാതി നൽകണോ? ആര്‍ക്കെങ്കിലും എനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ കേസ് കൊടുക്കുക. കോടതിയില്‍ ഉത്തരം നൽകാം'- രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
യുവനടിയുടെ ആരോപണത്തിനും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ‘ചാറ്റ്’ വിവാദത്തിനും പിന്നാലെ ആരോപണവിധേയൻ ജനപ്രതിനിധി എങ്കിൽ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സംഘടനാ സ്ഥാനങ്ങൾ മാത്രം രാജിവെച്ചുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും, സംഘടനയെക്കാൾ ആ വ്യക്തി മറുപടി പറയേണ്ടത് സമൂഹത്തോടാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ജനാധിപത്യത്തിൽ വോട്ടർമാരാണ് ശക്തി. ജനപ്രതിനിധി വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ആരോപണങ്ങൾ വന്ന സ്ഥിതിക്ക് ഈ വ്യക്തി ജനപ്രതിനിധി ആണെങ്കിൽ മാപ്പു പറഞ്ഞ് തൽസ്ഥാനം രാജിവെക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അയാളുടെ പ്രസ്ഥാനം രാജി ചോദിച്ചു വാങ്ങണം. ഇല്ലെങ്കിൽ പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീകൾ ആ പ്രസ്ഥാനത്തോട് ഒരിക്കലും മാപ്പു നൽകില്ല. ധൈര്യം കാണിച്ച സഹോദരിമാരെ അഭിനന്ദിക്കുന്നുവെന്നും ശിവൻകുട്ടി കുറിച്ചു.