വിവാദ കൊടുങ്കാറ്റുകളിൽപെട്ട് സംസ്ഥാനത്ത് മരണാന്തര അവയവദാന നിരക്കിൽ വൻ ഇടിവ്. 2015 ൽ 76 പേർ അവയദാതാക്കളായപ്പോൾ 2024 ൽ എണ്ണം 11 ആയി കുറഞ്ഞു. മസ്തിഷ്ക മരണം കൃത്രിമമായി സൃഷ്ടിക്കുന്നുവെന്ന തെറ്റായ പ്രചരണങ്ങളാണ് മഹാദാനത്തിൽ നിന്ന് ദാതാക്കളുടെ കുടുംബങ്ങളെ പിന്തിരിപ്പിക്കുന്നത്.
രണ്ടുവർഷം മുമ്പ് മരിച്ച മകന്‍റെ കൈകളിൽ മുത്തമുട്ടി രിക്കുന്ന മാതാ പിതാക്കളുടെ ദൃശ്യങ്ങൾ നമ്മൾ കഴിഞ്ഞ ദിവസമാണ് കണ്ടത്. സാരംഗിൻ്റെ മാതാപിതാക്കളുടെ മഹാദാനത്തിലൂടെ ഷിഫിന് അറ്റുപോയ കൈകളുടെ സ്ഥാനത്ത് ജീവനുള്ള കൈകൾ കിട്ടി.
ഒരാളുടെ അവയവ ദാനത്തിലൂടെ ആറിലേറെ പേർക്ക് പുതുജീവൻ ലഭിക്കുമെങ്കിലും മരണാനന്തര അവയവദാനത്തിന് ഇന്ന് ബന്ധുക്കൾ മടിക്കുന്നു. 2015 ൽ 76 പേർ അവയദാനം നടത്തി. 2016 ൽ 72. പക്ഷേ 2017 ൽ ദാതാക്കളുടെ എണ്ണം 18 ലേയ്ക്കും 2018 ൽ 8 ലേയ്ക്കും താഴ്ന്നു. 2024 ൽ 11 നൊന്നും 2025 ജൂലൈ വരെ 11 പേരുമാണ് അവയവങ്ങൾ നൽകാൻ സന്നദ്ധരായത്. അവയവദാന മേൽനോട്ട ചുമതല വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ പൂർണ പരാജയം ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻദാസ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. കെ സോട്ടോയുടെ പിഴവുകള്‍ക്കപ്പുറം അവയവങ്ങൾക്കായി മസ്തിഷ്കമരണം കൃത്രിമമായി സൃഷ്ടിക്കുന്നുവെന്ന ആശങ്ക ഉയർന്നതോടെ ആണ് ബന്ധുക്കൾ മരണാനന്തര അവയവദാനത്തിൽ നിന്ന് പിന്തിരിഞ്ഞത്. മരണാനന്തര അവയവദാനത്തെ തെറ്റായി ചിത്രീകരിക്കുന്ന ചില സിനിമകളും അവയവദാന പ്രക്രിയയിലെ നൂലാമാലകളുമാണ് മരണാനന്തര അവയവദാനം ഇടിയാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2832 പേരാണ് വിവിധ അവയങ്ങള്‍ ലഭിക്കാനും പുതു ജീവിതത്തിനും കാത്തിരിക്കുന്നത്.