ഈ ഓണക്കാലത്ത് കായവറുത്തതിനു കായ് അല്‍പം അധികം ചിലവാകും. ചിപ്‌സ് പൊരിച്ചെടുക്കാനുള്ള വെളിച്ചെണ്ണക്ക് ഇത്തവണ മൂന്നിരട്ടി അധികം പണം കൊടുക്കണം. ഇലയിലെ ചിപ്‌സിന്‍റെ തലപൊക്കം കാണാം അടുത്തത്.

സദ്യയിലയില്‍ തന്‍റേതായ ഇടം കണ്ടുപിടിച്ചവരാണ് ചിപ്‌സും ശര്‍ക്കര വരട്ടിയും. ഞങ്ങളില്ലാതെ സദ്യ പൂര്‍ത്തിയാവില്ല എന്നാണ് ഗമ. സദ്യയില്‍ മറ്റു കറികള്‍ക്കൊപ്പം തങ്ങളുടെ സാന്നിധ്യം കാലങ്ങള്‍ക്കു മുന്നേയുണ്ടെങ്കിലും ഇപ്പോള്‍ പത്രാസ് കൂടിയുട്ടുണ്ട്. കാരണമെന്തെന്നല്ലേ.. വെളിച്ചെണ്ണ വില തന്നെ. 

അതെ..വെളിച്ചെണ്ണയുടെ വില തന്നെയാ കാര്യം. ഓയിലില്‍ പൊരിച്ചെടുത്ത ചിപ്‌സിനേക്കാള്‍ വെളിച്ചെണ്ണയില്‍ പൊരിച്ചതിനാണ് ഓണക്കാലത്ത് മാര്‍ക്കറ്റ്. അപ്പോള്‍ പിന്നെ പൊന്നുംവില കൊടുത്തും വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക തന്നെ.

ചിപ്‌സ് കിലോക്ക് 450 ആണ് വില. ശര്‍ക്കര വരട്ടിക്ക് 250 ഉം. നേന്ത്രക്കായക്ക് വില കുറഞ്ഞതാണ് വ്യാപാരികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം. അതും കൂടി കൂടിയിരുന്നെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ. ശര്‍ക്കര വരട്ടയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍. എല്ലാ ഓണക്കാലവും പിടിച്ചുനില്‍ക്കാനെങ്കിലുമുള്ള ലാഭം ഉണ്ടാകാറുണ്ടായിരുന്നുവെന്നും ഇക്കൊല്ലം കണ്ടറിയുക തന്നെ വേണമെന്നും വ്യാപാരികള്‍ പറയുന്നുണ്ട്.

എന്തായാലും ഈ ഓണക്കാലത്ത് ഇലയിലെ മറ്റു കറികള്‍ക്കു മുന്നി‍ല്‍ ചിപ്‌സ് തലയുയര്‍ത്തി നില്‍ക്കുമെന്നുറപ്പാണ്, പവര്‍ കാണിക്കുമെന്നുറപ്പാണ്.

ENGLISH SUMMARY:

Onam chips price is expected to be higher this year due to the increased cost of coconut oil. Despite the rising prices, chips and sharkara varatti will likely remain a prominent part of the Onam sadhya.