പിറന്നാൾ ദിനത്തിൽ മുത്തശ്ശിയെ അത്ഭുതപ്പെടുത്തി അപ്രതീക്ഷിത സമ്മാനവുമായി ദുബായില്‍ നിന്ന് നാട്ടിലെത്തി എമിറേറ്റ്‌സ് ക്യാബിൻ ക്രൂ. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വിഡിയോ നിമിഷങ്ങള്‍കൊണ്ട് കാഴ്ചക്കാര്‍ ഏറ്റെടുത്തു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിറന്നാള്‍ ദിനത്തില്‍ മുത്തശ്ശിക്കുള്ള സമ്മാനവുമായി സൈനബ് റോഷ്‌ന എന്ന യുവ ക്യാബിന്‍ ക്രൂ ദുബായിൽ നിന്ന് കേരളത്തിലേക്ക് പറന്നത്. മനോഹരമായ ഒരു സ്വർണ വളയും മുത്തശ്ശിക്ക് സമ്മാനമായി നല്‍കി. ‘ജന്മദിനാശംസകൾ ഉമ്മൂമ്മ , ഉമ്മൂമ്മയ്ക്കുള്ള എന്‍റെ ആദ്യത്തെ സ്വർണ സമ്മാനം, ഈ പ്രത്യേകദിവസം ഉമ്മൂമ്മയുടെ അടുത്തിരിക്കാന്‍ ഒരു അകലവും തടസമാകില്ല’ എന്നായിരുന്നു ദൃശ്യത്തോടൊപ്പമുള്ള വൈകാരിക കുറിപ്പ്.
പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിഡിയോയ്ക്ക് ഒട്ടേറെ പേരാണ് പ്രതികരിച്ചത്. മനോഹരം, വൈകാരികം എന്നെല്ലാമായിരുന്നു അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും കൂടിക്കാഴ്ചയെ പലരും വിശേഷിപ്പിച്ചത്. ‘സ്വർണ്ണ സമ്മാനം ആ നിമിഷത്തെ കൂടുതല്‍ അവിസ്മരണീയമാക്കി’ എന്നും ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. മുത്തശ്ശിയുടെ മനോഹരമായ പുഞ്ചിരി അത്രയും ഹൃദ്യമെന്നായിരുന്നു മറ്റൊരു പ്രതികരണം.