ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

TOPICS COVERED

ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപം എ.കെ.ആന്‍റണിക്ക് ഇന്ന് 85-ാം പിറന്നാൾ. സജീവ രാഷ്ട്രീയം വിട്ടെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ അണിയറയിൽ ഉപദേശനിർദേങ്ങളുമായി സജീവമാണ് ആന്റണി.

അവിശ്വാസിയായ ആന്റണിക്ക് ഒരു മതമേയുള്ളു. - ഇന്ത്യൻ നാഷണൽ കോൺഗ്രസ്. വ്യക്തിക്കും പ്രസ്ഥാനത്തിനും ഇന്ന് പിറന്നാൾ. ആന്റണി ജന്മസുകൃതമായി കണക്കാക്കുന്നതും മറ്റൊർക്കും കിട്ടാത്ത ഈ യാദൃശ്ചികത തന്നെ. 32-ാം വയസിൽ കെ.പി.സി.സി അധ്യക്ഷൻ, 37-ാം വയസിൽ മുഖ്യമന്ത്രി, മൂന്നുതവണ മുഖ്യമന്ത്രിപദത്തിൽ, മൂന്നുതവണ കേന്ദ്രമന്ത്രി. എട്ടുവർഷക്കാലം പ്രതിരോധ മന്ത്രിയായി ഏറ്റവും കൂടുതൽ കാലം രാജ്യരക്ഷയുടെ കാവലാൾ. അഞ്ച് തവണ വീതം നിയമസഭയിലും, രാജ്യസഭയിലും അംഗം. കോൺഗ്രസ് പ്രവർത്തകസമിതിയിലെ സൂപ്പർ സീനിയർ. തിരുത്താനാകാത്ത രാഷ്ട്രീയ റെക്കാഡുകൾ ഏറെയുള്ള ഇതിഹാസപദവിയെ ലാളിത്യം കൊണ്ട് മറച്ച്, പകർത്താനാവാത്ത വ്യക്തിത്വമായാണ് ആന്റണി സ്വയം അടയാളപ്പെടുത്തിയത്. 

രാഷ്ട്രീയത്തിൽ ധാർമികതയ്ക്ക് പുതിയ അർത്ഥതലങ്ങൾ സമ്മാനിച്ച നേതാവാണ് ആന്റണി. അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പ്രസംഗിച്ച ആന്റണി, ഇന്ദിരാഗാന്ധിയുടെ ചിക്കമംഗല്ലൂർ മത്സരത്തെത്തുടർന്ന് 1978ലും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് 2004ലും മുഖ്യമന്ത്രി കസേര വലിച്ചെറിഞ്ഞു. 1994ൽ പഞ്ചസാര ഇറക്കുമതി ആരോപണത്തിൽ കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കാനും രണ്ടാമതൊന്ന് ആലോചിച്ചില്ല. രാജി രാഷ്ട്രീയപ്രവർത്തനമാണെന്ന തെളിയിച്ച നാഴികകല്ലുകൾ. 

കുറുക്കുവഴികളില്ലാത്ത രാഷ്ട്രീയ യാത്രയാണ് ആന്റണിയുടെത്. മറഡോണയെ പോലെ കളം നിറഞ്ഞ കളിച്ച ലീഡർ കെ.കരുണാകരന് മുൻപിൽ, ഗ്യാരി ലിനേക്കറിനെ പോലെ കളിനിയമങ്ങളുടെ മാന്യത മുറുകെപിടിച്ചാണ് ആന്റണി മുന്നേറിയത്. ആറുപതിറ്റാണ്ട് മുൻപ് ആന്റണി കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും അധ്യക്ഷനായിരിക്കെയാണ് കോൺഗ്രസ് ഏറ്റവും വലിയ യുവജന മുന്നേറ്റം കണ്ടത്. ഇന്നും കെഎസ്​യുക്കാർ വിളിക്കുന്ന മുദ്രാവാക്യത്തിലും മായാത്ത മുദ്രയാണ് ഭരണസമരനായകനായ ആന്റണി.

സജീവ പൊതുപ്രവർത്തനം ഒഴിഞ്ഞെന്ന് അവകാശപ്പെടുമ്പോഴും സമകാലീക രാഷ്ട്രീയ സംഭവങ്ങളെ ഇത്രയും ആഴത്തിൽ അളക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ല. അതുകൊണ്ടാണ് അടുത്തിടെ നേരിട്ട് കാണാൻ എത്തിയ രാഹുൽഗാന്ധി വിരമിക്കാൻ സമയമായിട്ടില്ലെന്ന് ആന്റണിയെ ഓർമിപ്പിച്ചത്. മൗനം പോലും രാഷ്ട്രീയ അടവുനയമാക്കി മാറ്റുന്ന ആന്റണിയുടെ ഉപദേശങ്ങൾ അത്രയ്ക്ക് വിലപ്പെട്ടത് ആണെന്ന് അറിയാവുന്ന നേതൃത്വം, ഒടുവിൽ രൂപീകരിച്ച കെ.പി.സി.സി കോർ കമ്മിറ്റിയിലും ആ സാന്നിധ്യം ഉറപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിൽ ആന്റണിയുടെ മേൽനോട്ടവും ഉണ്ട്. 

പല തലമുറകൾക്കാണ് പലതാണ് ആന്റണി. സമകാലീകർക്ക് എ.കെ, പിൻഗാമികൾക്ക് പ്രസിഡന്റ്, ഇലമുറകാർക്ക് ആന്റണി സാർ. വിളികളിൽ ആന്റണിക്ക് ഏറ്റവും ഇഷ്ടം പ്രസിഡന്റ് വിളിയും. എല്ലാദിവസവും കെ.പി.സി.സി ഓഫീസിലെത്തുന്ന ആന്റണിയെ കാത്ത് ഈ വിളികൾ പലതും കാത്തുനിൽക്കുന്നുണ്ടാകും. എല്ലാവർക്കും മുഖംകൊടുത്ത് മുന്നേറുന്ന ആന്റണി, ഒരുകാര്യം ഉറപ്പിക്കുന്നു, ഈ ജീവിതത്തിന് ഫോട്ടോക്കോപ്പിയില്ല. 

ENGLISH SUMMARY:

A.K. Antony is a prominent figure in Indian politics, known for his adherence to ethical values. This article celebrates his 85th birthday and highlights his significant contributions to the Indian National Congress and Kerala's political landscape.