മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമ പഞ്ചായത്തില്‍ അയയാതെ കോണ്‍ഗ്രസും മുസ്‌ലീം ലീഗും. കാലങ്ങള്‍ക്കു ശേഷം ഭരണം ലഭിച്ച തിരുവാലിയില്‍ പ്രസിഡന്റ് പദവിയെ ചൊല്ലിയാണ് ലീഗും കോണ്‍ഗ്രസും കൊമ്പു കോര്‍ക്കുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ലീഗും എത്താതായതോടെ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായിരുന്ന തിരുവാലിയില്‍ വ്യക്തമായ മേധാവിത്തത്തോടെയാണ് ഇപ്രാവശ്യം യുഡിഎഫിന് ഭരണം ലഭിച്ചത്. ആകെയുളള 19 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഏഴും മുസ്്ലീം ലീഗിന് നാലും പേരെ വിജയിപ്പിക്കാനായി. 8 അംഗങ്ങളാണ് ഇടതുപക്ഷത്തിനുളളത്.പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടണമെന്ന മുസ്്ലീം ലീഗിന്‍റെ ആവശ്യം കോണ്‍ഗ്രസ് തളളിയതോടെയാണ് തര്‍ക്കത്തിലേക്ക് നീങ്ങിയത്.പ്രസിഡന്റ് പദവി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ലീഗ് നിലപാട് കടുപ്പിച്ചതോടെയാണ് പ്രതിസന്ധിയായത്.
കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ മുസ്്ലീം ലീഗ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസും വിട്ടു നിന്നതോടെ കോറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായിരുന്ന തിരുവാലി പതിറ്റാണ്ടുകള്‍ക്കു ശേഷം 2010ല്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. അന്ന് 5 വര്‍ഷവും പ്രസിഡന്റ് പദവി കോണ്‍ഗ്രസിനായിരുന്നു.