വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ സ്റ്റേജിൽ ഉന്തും തള്ളും ഉണ്ടായ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ട്രോൾ പൂരമാണ്.
ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നത് ഷാഫിയായിരുന്നു. എന്നാൽ യോഗത്തിന് അധ്യക്ഷത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു. സമയം വൈകിയതിനാൽ താൻ കൂടുതൽ സംസാരിക്കേണ്ടതില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ നിലപാട്.
പിന്നാലെ നടന്നത് ഷാഫി സംസാരിക്കണമെന്നു പറഞ്ഞായി തർക്കം,ആ തർക്കം പിടിച്ച് പിടിവലിയായി, ഒടുവിൽ ഷാഫി ഒരു വാക്കിൽ സംസാരിച്ച് പോയി. ഇതോടെയാണ് ട്രോളന്മാർ വിഷയം ഏറ്റെടുത്തത്. സിനിമ മീമുകളാണ് ട്രോളാൻ ഉപയോഗിച്ചിരിക്കുന്നത്.
‘100 സീറ്റ് കിട്ടില്ലങ്കിലും 150 എണ്ണം ആശുപത്രിയിൽ ആവും എന്ന കാര്യത്തിൽ ഉറപ്പ്,‘പറഞ്ഞാൽ പോരെ ഷാഫി, മൈക്ക് വേണമെങ്കിൽ കൊങ്ങയ്ക്ക് പിടിക്കണോ’, പാവം മുല്ലപ്പള്ളി വീണു, യുഗം ഏതായാലും കോൺഗ്രസ് കോൺഗ്രസ് തന്നെയെന്ന് വി വസീഫ് കുറിച്ചു, ഐക്യമുന്നണിയിൽ എന്തൊരു ഐക്യമാണ്, കാലക്കേടിന് ഇവരുടെ കയ്യിൽ ഭരണം കിട്ടിയാലുള്ള അവസ്ഥ! പടച്ചോനെ, ആലോചിക്കാൻ വയ്യ, എന്ന് കെ.ടി. ജലീൽ കുറിച്ചു.