സ്റ്റാലിനും എം.എ.ബേബിയും (ഫയല്‍ ചിത്രം : മനോരമ)

സ്റ്റാലിനും എം.എ.ബേബിയും (ഫയല്‍ ചിത്രം : മനോരമ)

  • ഇന്നലെ വരെ ബിജെപിക്കെതിരെ പാർലമെന്റിൽ ശക്തമായി പോരാടിയ ഡിഎംകെ എംപിമാർ അമിത് ഷായെ കണ്ടതിൽ കോൺഗ്രസിൽ കടുത്ത അമർഷം പുകയുന്നുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളുടെ നിലപാട് ഇന്ത്യാസഖ്യത്തിലെ അവരുടെ സ്ഥാനത്തെ ബാധിക്കില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിൽനിന്ന് എം.കെ.സ്റ്റാലിനെ പിന്തിരിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി ഇടതുപാർട്ടികൾ. ഡിഎംകെയെ അനുനയിപ്പിക്കുക എളുപ്പമല്ലെന്ന് അറിയാമെങ്കിലും അവസാന ശ്രമം നടത്താനാണ് ഇടതുപാർട്ടികളുടെ നീക്കം. ഡിഎംകെ നേതൃത്വവുമായി അടുത്ത ബന്ധമുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും എം.കെ.സ്റ്റാലിനുമായി സംസാരിച്ചേക്കും. സ്റ്റാലിനുമായി സംസാരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

സിപിഎമ്മിന്‍റെയും സിപിഐയുടെയും സംസ്ഥാന നേതാക്കളും സ്റ്റാലിനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഫലം കാണുമെന്ന് ഉറപ്പില്ലെങ്കിലും പരമാവധി സമ്മര്‍ദം ചെലുത്താനാണ് ഇടതുപാര്‍ട്ടികളുടെ നീക്കം. ഇന്നലെ രാത്രി സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ സിപിഎം, സിപിഐ, സിപിഐ എംഎൽ ദേശീയ നേതാക്കൾ യോഗം ചേർന്നു. ബില്ലിനെതിരായ സംയുക്ത നിലപാട് യോഗം ചർച്ച ചെയ്തു. ഇതിന്റെ തുടർച്ചയായി ഇന്ന് സംയുക്ത പ്രസ്താവന പുറത്തിക്കുകയും ശേഷം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്യും.

അതേസമയം, മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ നിരയിൽ ഭിന്നത രൂക്ഷമായതോടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും. കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകളും ബില്ലിന്റെ പ്രത്യാഘാതങ്ങളും ചർച്ചചെയ്യും. ഹിമാചൽ മുഖ്യമന്ത്രിയും യോഗത്തിനെത്തും. ബില്ലിനെ ഒരുമിച്ചെതിർക്കാൻ ഇന്ത്യാസഖ്യ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. ഇന്നലെ വരെ ബിജെപിക്കെതിരെ പാർലമെന്റിൽ ശക്തമായി പോരാടിയ ഡിഎംകെ എംപിമാർ അമിത് ഷായെ കണ്ടതിൽ കോൺഗ്രസിൽ കടുത്ത അമർഷം പുകയുന്നുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളുടെ നിലപാട് ഇന്ത്യാസഖ്യത്തിലെ അവരുടെ സ്ഥാനത്തെ ബാധിക്കില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേസമയം, ബില്ലിനെ നേരിടാൻ ആവശ്യമായ കൂടിയാലോചനകളും കൃത്യമായ മുന്നൊരുക്കങ്ങളും ഉണ്ടായില്ലെന്ന വിമർശനവും പ്രതിപക്ഷ നിരയിൽ ഉയരുന്നുണ്ട്. 

എന്നാല്‍ ഡിഎംകെയുടെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും പിന്തുണ ഉറപ്പിച്ചതോടെ മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷമായതായി ഭരണപക്ഷം അവകാശപ്പെടുന്നു. പ്രതിപക്ഷത്തെ പല പാർട്ടികളും ബില്ലിനെ നിശബ്‌ദമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ബിൽ നാളെ അവതരിപ്പിക്കാൻ ലോക്‌സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി. മുന്നണി വിപുലീകരണത്തിലും കേന്ദ്ര മന്ത്രിസഭാ വികസനത്തിനും നീക്കങ്ങൾ ബിജെപി പാളയത്തിൽ നടക്കുന്നുണ്ട്. എൻസിപി  ശരദ് പവാർ പക്ഷം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നതിന് പകരമായി സുപ്രിയ സുളെ കേന്ദ്ര മന്ത്രിസഭയിലെത്തിയേക്കും. മഹാരാഷ്ട്ര സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനവും എൻസിപി ശരദ് പവാർ വിഭാഗത്തിന് നൽകാനിടയുണ്ട്. പാർലമെന്റില്‍ പ്രതിപക്ഷ നിരയിൽ കോൺഗ്രസിൽ നിന്ന് അകന്ന് പ്രത്യേക ഇരിപ്പിട ക്രമീകരണം ഡിഎംകെയ്ക്ക് നൽകും. ബിജെപി എംപിമാരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. 

ENGLISH SUMMARY:

Left parties are making a last-ditch effort to persuade Tamil Nadu Chief Minister MK Stalin to reconsider the DMK's decision to support the Delimitation Bill. CPI(M) General Secretary MA Baby and CPI General Secretary D Raja may hold discussions with Stalin, while leaders of the Left parties have already initiated communication with the DMK leadership. Meanwhile, Congress chief ministers, including VD Satheesan, DK Shivakumar and Revanth Reddy, will meet in Delhi to discuss the implications of the bill and coordinate the opposition's next move. With the DMK and Sharad Pawar's NCP faction reportedly backing the legislation, the BJP claims it has secured the numbers needed to pass the bill, while political negotiations over ministerial positions and alliance arrangements are also underway.