ഫോട്ടോഗ്രഫിയെകുറിച്ച് എല്ലാം അറിയാനും പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു സ്ഥലമുണ്ട് വയനാട്ടില്‍. സംസ്ഥാനത്തെ തന്നെ ആദ്യ ഫോട്ടോ തീം പാര്‍ക്കായ തലപ്പുഴയിലെ കോമാച്ചി പാര്‍ക്ക്. ലോക ഫോട്ടോഗ്രഫി ദിനത്തില്‍ ഈ പാര്‍ക്കിലേക്ക് ഒരു യാത്രപോകാം. ഒരു ഫോട്ടോ എടുത്താല്‍ അത് പിന്നെ ചരിത്രമാണ് എന്ന് പറയാറുണ്ട്. അങ്ങനെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകളില്‍ നിന്ന് കളര്‍തീമിലേക്ക് മാറിയ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഒരിടം.
ആദ്യ ഫോട്ടോഗ്രാഫ് പിറന്ന് ഇരുനൂറ് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ഈ മേഖലയെ കുറിച്ച് സമഗ്രമായി അറിയാനും പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു പാര്‍ക്ക്. അതാണ് തലപ്പുഴയിലെ കേമാച്ചി ഫോട്ടോഗ്രഫി തീം പാര്‍ക്ക്. ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ അജീബ് കോമാച്ചിയുടെ സ്വപ്നമാണിത്.
ഫോട്ടോഗ്രാഫി മ്യൂസിയത്തിലൂടെ നടന്ന് വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാം.. ലോകപ്രശസ്ത ഫോട്ടോഗ്രാഫുകളുടെ ശേഖരം. കാലം മായ്ക്കാത്ത ചരിത്ര നിമിഷങ്ങള്‍. ഫോട്ടോ എക്സിബിഷന്‍, എ.ആര്‍, വി.ആര്‍ സംവിധാനങ്ങളോടെ ഓഡിയോ വിഷ്വല്‍ തീയറ്റര്‍. വരയ്ക്കാന്‍ ആര്‍ട്ട് വില്ലേജ്.. നിരവധി ഫോട്ടോ പോയിന്‍റുകള്‍. ഫോട്ടോഗ്രഫിയെ കുറിച്ച് പഠിക്കാന്‍ ക്ലാസുകള്‍.. സംശയങ്ങള്‍ തീര്‍ക്കാന്‍ അവസരം. പത്തേക്കര്‍ വരുന്ന സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന ജൈവവൈവിധ്യ പാര്‍ക്കാണ് മറ്റൊരു സവിശേഷത. വിദേശ ഇനം പക്ഷികളെ കാണാനും ആസ്വദിക്കാനും പ്രത്യേക ഇടം. വയനാട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കാടിനെയോ വയലിനെയോ പോലെ കാഴ്ചകളുടെ ലോകത്തെ അനുഭവിക്കാനുള്ള ഒരു ഇടമാകും ഈ തീം പാര്‍ക്കെന്ന് ഉറപ്പിച്ചുപറയാം.