കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപുള്ള മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ പകൽ എങ്ങനെയാണെന്ന് അറിയാമോ? ചരിത്രത്തിലെ ഇത്തരം അപൂർവ്വ നിമിഷങ്ങളുടെ ചിത്രങ്ങളുടേയും വാർത്തകളുടേയും ശേഖരമുണ്ട് തിരുവല്ലയിൽ. മരണത്തോട് മല്ലടിച്ചു കിടന്ന രോഗശയ്യയിലും പ്രളയത്തിലും പോലും ചരിത്രചിത്രങ്ങൾ നെഞ്ചോട് ചേർത്ത് സൂക്ഷിച്ച പെരിങ്ങര സ്വദേശി സി.വി.ഹരികൃഷ്ണകുമാറിൻ്റെ ശേഖരമാണിത്.
ഇന്ദിരാഗാന്ധിയെ താലോലിക്കുന്ന ഗാന്ധിജി, 1930ലെ ദണ്ഡിയാത്ര, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുന്ന നെഹ്റു. ഇങ്ങനെ ഇന്ത്യയുടെ ചരിത്ര സംഭവങ്ങൾ കേട്ടും പഠിച്ചും മാത്രം അറിവുള്ളവർക്ക് ഇതൊരു വേറിട്ട അനുഭവമായിരിക്കും. വർഷവും തീയതിയും സഹിതമുള്ള അന്നത്തെ പത്രങ്ങളാണ് സി.വി ഹരികൃഷ്ണകുമാറിന്റെ ശേഖരത്തിലുള്ളത്. 15-ാം വയസ്സിൽ തുടങ്ങിയതാണ് ഈ ശീലം. കാലമേറെ കടന്നു. ഇതിനിടെ ഹരികൃഷ്ണകുമാറിൻ്റെ കൈകാലുകൾക്ക് തളർച്ചയുണ്ടായി, സംസാരശേഷി നഷ്ടപ്പെട്ടു. പക്ഷേ ശീലം മാറ്റിയില്ല.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടിടത്ത് അദ്ദേഹത്തിൻറെ അന്ത്യനിമിഷങ്ങൾ പകർത്തിയ ക്യാമറ വീണു കിടക്കുന്നതും പാർട്ടികളുടെ ചരിത്രം പറയുന്ന വാർത്തകളും എല്ലാം അപൂർവ്വ ചിത്രങ്ങളാണ്. ഉമ്മൻചാണ്ടിയുടെ മരണവും വിലാപയാത്രയും പുതിയ തിരഞ്ഞെടുപ്പുകളുമൊക്കെ ഭാവി തലമുറക്കായി മുടങ്ങാതെ ഇപ്പോഴും ശേഖരിക്കുന്നുണ്ട് ഈ 62കാരൻ.
തളർച്ച വന്നതിനുശേഷം പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ ചെറിയ ജോലികളിലൂടെയാണ് ഹരികൃഷ്ണകുമാർ കുടുംബം പോറ്റുന്നത്. വരും തലമുറയും ഈ ശേഖരം സൂക്ഷിച്ചു വയ്ക്കണമെന്ന് മാത്രമാണ് ഇദ്ദേഹത്തിൻറെ ആഗ്രഹം.