ടിബറ്റിന്‍റെയും ചൈനയുടെയും ചരിത്രം സൗഹൃദത്തിൻറെയും വിദ്വേഷത്തിൻറെയും പോരാട്ടത്തിൻറെയും ചരിത്രമാണ്. ഇന്ത്യ പിന്നീട് ആ ചരിത്രത്തിൽ പങ്കാളിയായെന്നേയുള്ളു. ടിബറ്റനെ ഒരിക്കലും പരമാധികാര രാഷ്ട്രമാക്കണമെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല. പക്ഷേ സാംസ്കാരികമായി അടുത്ത ബന്ധമുള്ള ഇന്ത്യയും ടിബറ്റും തമ്മിലുള്ള ഏത് ബന്ധവും ചൈനയ്ക്ക് വിരോധമാണ്. എല്ലാം അടക്കിപ്പിടിക്കുന്ന സ്വഭാവം കൈമുതലായതുകൊണ്ട് ടിബറ്റും ടിബറ്റൻ സംസ്കാരത്തിന്‍റെ സ്വാധീനമുള്ള അരുണാചൽ പ്രദേശും ലഡാക്കുമെല്ലാം സ്വന്തമെന്ന് വാദിക്കുകയാണ് ചൈന. സിക്കിം ഇന്ത്യയോട് ചേർന്നപ്പോൾ അത് അംഗീകരിക്കാതെ വിരോധവും വിദ്വേഷവുമെല്ലാം പതിന്മടങ്ങ് വ്യാപിപ്പിക്കുകയാണ് ചൈന ചെയ്തത്.
ടിബറ്റിൽ ചൈനയുടെ അധികാരത്തെ ഇന്ത്യ ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടും പലതും ചെയ്ത് അവിടെ ആധിപത്യം അടിച്ചുറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ അടിച്ചമർത്തൽ ടിബറ്റൻ ജനതയ്ക്ക് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടാണ് ലോകമെമ്പാടും ചിതറിക്കിടക്കുന്ന ടിബറ്റൻ ജനതയും അവരോട് ആഭിമുഖ്യമുള്ള സ്വാതന്ത്ര്യപ്രേമികളും ടിബറ്റ് സ്വതന്ത്രരാഷ്ട്രമാകണമെന്ന് വാദിക്കുന്നത്. ആ വാദത്തിന്‍റെ കേന്ദ്രബിന്ദു ഇന്ത്യ അഭയം നൽകിയിട്ടുള്ള ടിബറ്റൻ ആത്മീയാചര്യൻ ദലൈലാമ ആകുമ്പോൾ സ്വാഭാവികമായും ഈ വിഷയത്തിൽ ചൈനയുടെ കണ്ണിലെ കരടായി ഇന്ത്യ തുടരും.
ടിബറ്റ് എങ്ങനെ ചൈനയുടെ ഭാഗമായി
ടിബറ്റും ചൈനയും സമാന സ്വഭാവമുള്ള പ്രദേശങ്ങളും ജനതയുമാണെങ്കിലും ചരിത്രത്തില്‍ ടിബറ്റ് സ്വതന്ത്ര പരമാധികാര രാജ്യമായിരുന്നു. ഏഴു മുതൽ ഒൻപതുവരെയുള്ള നൂറ്റാണ്ടുകളിൽ ടിബറ്റൻ സാമ്രാജ്യത്തിന് ചൈനയിലെ താങ് രാജവംശവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. അത് നയതന്ത്രത്തിലും ഇടവിട്ടുള്ള ശത്രുതയിലും അധിഷ്ഠിതമായിരുന്നു. എട്ടാം നൂറ്റാണ്ടിന്‍റെ പകുതിയിൽ ടിബറ്റൻ സാമ്രാജ്യം താങ് തലസ്ഥാനമായ ചാങ്യാൻ കീഴ്പ്പെടുത്തിയതിനു ചരിത്ര രേഖകളുണ്ട്. ശത്രുത മറന്നുള്ള സൗഹൃദവും സജീവമായിരുന്നു. ഇരുരാജകുടുംബാംഗങ്ങളും തമ്മിലുള്ള വിവാഹങ്ങളും നടന്നിട്ടുണ്ട്. പിന്നീട് മംഗോളിയ ചൈനയെയും ടിബറ്റിനെയും കീഴടക്കിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ ക്വിങ് രാജവംശം ടിബറ്റിന് സ്വതന്ത്രപദവി നൽകിയിരുന്നു. തുടർന്ന് ചൈനീസ് രാജവംശങ്ങൾ പതിയെ ടിബറ്റിൽ പിടി മുറുക്കി. ആത്മീയചാര്യന്മാരുടെ തിരഞ്ഞെടുപ്പിൽ വരെ ആ സ്വാധീനം വർധിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ടിബറ്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ചൈന അത് അംഗീകരിക്കാന്‍ തയാറായില്ല. ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതോടെ ആത്മീയത സംസ്കാരത്തിന്‍റെ ഭാഗമായ ടിബറ്റിനെ പിടിച്ചടക്കി ചൈന കാല്‍ക്കീഴിലാക്കി
കമ്യൂണിസ്റ്റ് ചൈനയും ടിബറ്റും
വിശാല ചൈനയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ടിബറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സമ്പൂർണ്ണ നിയന്ത്രണത്തിലാക്കാൻ ചൈനീസ് ഭരണാധികാരിയായ മാവോ സെതുങ് പദ്ധതിയിട്ടു. ഇന്ത്യയുമായി ഒട്ടനവധി സാംസ്കാരിക സമാനതകൾ ഉള്ള ടിബറ്റ് ഇന്ത്യൻ യൂണിയനിൽ ചേരുമോ എന്ന ഭയവും അതിനൊരു കാരണമായിരുന്നു. അങ്ങനെയാണ് 1950 ൽ ചൈനീസ് സേന ടിബറ്റിൽ പ്രവേശിക്കുകയും സൈന്യത്തെ കീഴ്പ്പെടുത്തുകയും ചെയ്തത്. കീഴടക്കിയ പ്രദേശത്തിന് മേൽ സർവാധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ചൈന നടത്തിയത്.
സന്ധി സംഭാഷണത്തിന് എന്ന പേരിൽ ടിബറ്റൻ പ്രതിനിധികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പുവപ്പിച്ചു. ചൈനയുടെ പരമാധികാരത്തിന് കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശം മാത്രമായിരിക്കും ടിബറ്റ് എന്ന് അംഗീകരിക്കുന്നതായിരുന്നു കരാർ. ടിബറ്റൻ ഭരണകൂടത്തിന്റെ അറിവോ സമ്മതമോ കൂടാതെയായിരുന്നു ചൈനയുടെ അധികാരഹുങ്ക്. കരാറിൽ ചൈന തങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ മാത്രം എഴുതിചേർത്തു. കരാർ പ്രകാരം ടിബറ്റിൽ ചൈന സൈനിക താവളം നിർമ്മിച്ചു. അതോടെ, ടിബറ്റൻ ജനതയ്ക്ക് ഉറപ്പുനല്‍കിയിരുന്ന മത സാംസ്കാരിക സ്വാതന്ത്ര്യം പടിപടിയായി നിഷേധിക്കപ്പെട്ടു തുടങ്ങി. സ്വന്തം മണ്ണിലെ നിലനിൽപ്പിനായി ടിബറ്റൻ ജനത നാൾക്കുനാൾ പ്രതിഷേധിച്ചു. 1954-ൽ ദലൈലാമ മാവോയെ സന്ദർശിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. നിലനില്‍പിനായുള്ള പോരാട്ടത്തില്‍ ടിബറ്റന്‍ ജനത പ്രതിഷേധിച്ചു; പ്രതികരിച്ചു. എന്നാല്‍ സൈനികബലം കടുപ്പിച്ച് ചൈന ആ പോരാട്ടത്തെ അടിച്ചമര്‍ത്തി. സന്ധി സംഭാഷണത്തിന് ദലൈലാമയെ ക്ഷണിച്ചെങ്കിലും, ചൈനയുടെ ക്ഷണത്തിലെ അപകടം മനസിലാക്കി ദലൈലമാ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ജീവനുംകൊണ്ടു രക്ഷപെട്ടോടി.
ഇന്ത്യയും ടിബറ്റും
പോയ കാലങ്ങളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയ്ക്ക് ടിബറ്റ് ഇടത്താവളമായിരുന്നു. വാണിജ്യപാതകൾ നിയന്ത്രിച്ചിരുന്നത് ടിബറ്റൻ സാമ്രാജ്യമായിരുന്നു. അതാണ് പിന്നീട് ഇന്ത്യയും ടിബറ്റും തമ്മിലുള്ള ബന്ധത്തിന് വഴിവെച്ചത്. ഇന്ത്യയില്‍ തുടങ്ങിയ ബുദ്ധമതം ടിബറ്റിലേയ്ക്ക് വ്യാപിച്ചതോടെ ആ ബന്ധം കൂടുതൽ ഉറപ്പുള്ളതായി . വ്യത്യസ്തമായതും ദുർഘടം നിറഞ്ഞതുമായ ഭൂപ്രദേശവും വിഭവങ്ങളുടെ അപര്യാപ്തതയും കാരണം ടിബറ്റ് അവഗണിക്കപ്പെട്ടിരുന്ന കാലം. അതുകൊണ്ടുതന്നെ ചൈനയുടെ കീഴിലെങ്കിലും ബുദ്ധമതത്തിൽ അധിഷ്ഠിതമായ തനത് സംസ്കാരമാണ് ടിബറ്റിൽ നിലനിന്നിരുന്നത്. ടിബറ്റൻ ജനതയുടെ ആത്മീയ നേതാവു മാത്രമല്ല ഭരണകൂടത്തിന്റെ പരമാധികാരിയും കൂടി ആയിരുന്നു ദലൈലാമ. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെയാണ് 1959 മാർച്ച് 17 ന് ദലൈലാമയുടെ നേതൃത്വത്തിൽ ഒരു സംഘം ഇന്ത്യൻ മണ്ണിലേക്ക് പലായനം ചെയ്തത്. ഇന്ത്യൻ മണ്ണിൽ അഭയം തേടിയെത്തിയ ദലൈലാമയെയും സംഘത്തെയും ഇന്ത്യ ഹൃദയം കൊണ്ട് സ്വീകരിച്ചു. അന്ന് ഇന്ത്യൻ മണ്ണിൽ അഭയം തേടിയ ആ 24 കാരനാണ് പതിനാലാം ദലൈ ലാമ ടെൻസിൻ ഗ്യാറ്റ്സോ. ദലൈ ലാമക്കും അദ്ദേഹത്തെ പിന്തുടർന്നെത്തിയവർക്കും ഇന്ത്യ വീടായി. ചൈന നോട്ടമിട്ട ദലൈലാമയ്ക്കും കൂട്ടര്‍ക്കും ഇന്ത്യ സംരക്ഷണമൊരുക്കിയത് ചൈനയെ ചൊടിപ്പിച്ചു. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ ഒരു കാരണവും ഇതുതന്നെയായിരുന്നു.. ദലൈലാമക്കും സംഘത്തിനും ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ ഇന്ത്യ അഭയമൊരുക്കി. കര്‍ണാടകയിലെ ബൈലക്കുപ്പയിലും സുരക്ഷിതതാവളം നല്‍കി ഇന്ത്യ പലയാനം ചെയ്യപ്പെട്ട ടിബറ്റന്‍ ബുദ്ധവിശ്വാസികളെ ചേര്‍ത്തുനിര്‍ത്തി. ടിബറ്റൻ ജനതയുടെ സംസ്കാരവും പൈതൃകവും എല്ലാം അതേപടി നിലനിർത്തുന്ന കാര്യത്തിൽ ഇന്ത്യ മുൻകൈയെടുത്തു.
ദലൈ ലാമയ്ക്കു ശേഷം ടിബറ്റ്
ടിബറ്റിൽനിന്ന് ദലൈലാമ പോയതോടെ പ്രദേശത്തിനു മേലുള്ള ചൈനീസ് ആധിപത്യം സമ്പൂർണ്ണമായി. ഈ സമയം ടിബറ്റ് ജനതയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലായിരുന്നു ദലൈ ലാമയുടെ ശ്രമം. ആദ്യ ഘട്ടത്തിൽ വേറിട്ടൊരു രാജ്യം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യമെങ്കിലും പിന്നീട് മതസ്വാതന്ത്ര്യവും സ്വയംഭരണവും വേണമെന്ന നിലപാടിലേക്ക് മാറുകയായിരുന്നു. ഇന്ന് ടിബറ്റ് പൂർണമായി ചൈനയുടെ നിയന്ത്രണത്തിലാണ്. എന്നാൽ ഇതിൽ മാത്രം ചൈന തൃപ്തമാകുന്നില്ല. എതിർപ്പിന്റെ ഒരു സ്വരം പോലും അവശേഷിക്കരുത്. അതിന് ദലൈലാമയെ വരുതിയിൽ കൊണ്ടുവരാനാണ് ചൈനയുടെ ശ്രമം. അതിനാലാണ് പതിനഞ്ചാമത് ദലൈലാമയെ തീരുമാനിക്കുന്നതിന് ചൈനീസ് സര്‍ക്കാരിനാണ് അധികാരമെന്ന് ആവര്‍ത്തിച്ചുപറയുന്നത്.
ആത്മീയ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് ദലൈ ലാമയുടെ തിരഞ്ഞെടുപ്പ്. അതിൽ കൈകടത്തി തങ്ങൾക്ക് അനുകൂലമായ ഒരു ദലൈ ലാമയെ നിയമിക്കാനാണ് ചൈനയുടെ ശ്രമം. ചൈനയുടെ ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയാണ് നിലവിലെ ദലൈ ലാമ തന്റെ പിൻഗാമി ടിബറ്റിനു പുറത്തുനിന്ന് ആയിരിക്കുമെന്ന സൂചന നൽകിയത്. ചൈന നിർദേശിക്കുന്ന ആളെ ടിബറ്റൻ ജനത അംഗീകരിക്കില്ല എന്നും ലാമ പറയുന്നു. ടിബറ്റൻ ജനതയെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. ബുദ്ധമതത്തിന് കാര്യമായ സ്വാധീനമുള്ള തെക്കുകിഴക്കനേഷ്യയിലും ശ്രീലങ്കയിലുമൊക്കെ ദലൈ ലാമയുടെ ആ തിരഞ്ഞെടുപ്പ് സ്വാധീനമുണ്ടാക്കുമെന്നത് ഉറപ്പാണ്. അതിനോടുള്ള ചൈനയുടെ സമീപനമായിരിക്കും ഇനി കണ്ടറിയേണ്ടത്