Image Credit: https: facebook.com/iphes
ഏകദേശം 850,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യരുടെ പൂര്‍വികര്‍ കുട്ടികളെ ഭക്ഷിച്ചിരുന്നതായി പഠനം. സ്പാനിഷ് പുരാവസ്തു ഗവേഷകരാണ് വടക്കൻ സ്പെയിനിലെ അറ്റപ്യൂർക്കയിലെ ഗ്രാൻ ഡോളിന ഗുഹകളില്‍ ഇതിന്‍റെ തെളിവുകള്‍ കണ്ടെത്തിയത്. കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോഇക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷനിലെ (ഐപിഎച്ച്ഇഎസ്) സംഘമാണ് പഠനം നടത്തിയത്.
ഗുഹയിലെ ഒരു കുഴിയിലാണ് രണ്ട് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ അസ്ഥി ഗവേഷകർ കണ്ടെത്തിയത്. അസ്ഥിയില്‍ കശാപ്പു ചെയ്തതിന്‍റെ അടയാളങ്ങളുണ്ടായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ഈ അടയാളങ്ങള്‍ കുട്ടികളുടെ ശരീരം വെട്ടിമുറിച്ച് കഴിച്ചതിന്‍റെ തെളിവുകളായി ഗവേഷകര്‍ അനുമാനിക്കുന്നു. കഴുത്തിലെ അസ്ഥിയിലുള്ള അടയാളങ്ങൾ സൂചിപ്പിക്കുന്നത് കുട്ടി ശിരഛേദം ചെയ്യപ്പെട്ടന്നാണെന്നും ഗവേഷകര്‍ പറയുന്നു. ഹോമോ സാപ്പിയൻസിന്റെയും നിയാണ്ടർത്തലുകളുടെയും അവസാനത്തെ പൊതു പൂർവ്വികനാണെന്ന് വിശ്വസിക്കപ്പെടുന്ന ഹോമോ ആന്റെസെസ്സര്‍ വിഭാഗത്തില്‍ പെട്ട കുഞ്ഞിന്‍റെ കഴുത്തിലെ എല്ലാണ് ലഭിച്ചത്.
തല വെട്ടിമാറ്റിയെന്ന് സൂചിപ്പിക്കുന്ന മുറിവ് കശേരുക്കളില്‍ വ്യക്തമായി കാണാമെന്ന് ഗവേഷണത്തിന്‍റെ സഹ-ഡയറക്ടർ ഡോ. പാൽമിറ സലാഡി പറഞ്ഞു. മറ്റ് ഏതൊരു ഇരയെയും പോലെ തന്നെ ആദിമ മനുഷ്യന്‍ കുട്ടിയെയും ഭക്ഷിച്ചിരിക്കാം എന്നതിന്‍റെ നേരിട്ടുള്ള തെളിവാണിതെന്നും പാൽമിറ സലാഡി വ്യക്തമാക്കി. ആദിമ മനുഷ്യരിൽ നരഭോജനം നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു കുട്ടിയെ തിന്നതിന്‍റെ തെളിവുകൾ കണ്ടെത്തുന്നത് അസാധാരണമാണ്. സംഘത്തിന്‍റെ കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടാൽ, കുട്ടികളെ തിന്നിരുന്നു എന്ന ആശയത്തിന്‍റെ ആദ്യത്തെ തെളിവായി ഈ കണ്ടെത്തല്‍ മാറും.
ആധുനിക മനുഷ്യരേക്കാള്‍ ഉയരം കുറഞ്ഞതും കരുത്തുറ്റ ശരീരമുള്ളവരുമായ ഹോമോ ആന്റെസെസ്സര്‍ 1.2 ദശലക്ഷത്തിനും 800,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നവരാണ്. ഏകദേശം 1,000 മുതൽ 1,150 ക്യുബിക് സെന്റീമീറ്റർ വരെയായിരുന്നു ഇവരുടെ തലച്ചോറിന്റെ വലിപ്പം. ഇന്നത്തെ ആളുകളുടെ തലച്ചോറിന് ശരാശരി 1,350 ക്യുബിക് സെന്റീമീറ്റർ വലുപ്പമുണ്ട്. ആദിമ മനുഷ്യർ സഹജീവികളെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്ന അനുമാനത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തൽ. നമ്മുടെ പൂർവ്വികർ എങ്ങനെ ജീവിച്ചു, എങ്ങനെ മരിച്ചു, എങ്ങനെ പെരുമാറി എന്നിവയെകുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന പുതിയ തെളിവുകളാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.