കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായി ഒഎംഎ റഷീദ് തന്‍റെ മകള്‍ റൂഷൈദയ്ക്ക് രണ്ടാം റാങ്ക് കിട്ടിയ സന്തോഷ വാര്‍ത്ത സൈബറിടത്ത് പങ്കുവച്ചത്. എന്നാല്‍ കുട്ടിയുടെ മുഖം നിക്വാബിട്ട് മറച്ച് നിലയിലായിരുന്നു ചിത്രം. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് റഷീദിന്‍റെ പോസ്റ്റിനുണ്ടായത്.
‘ആ കുട്ടിയെ എന്തിനാണ് കൂടെ നിർത്തി ഫോട്ടോ എടുത്തത് , താങ്കൾ ആ കുഞ്ഞിന്റെ പേര് എഴുതിയ ഒരു പ്ലക്കാർഡ് പൊക്കിപ്പിടിച്ച് നിന്നാൽ പോരായിരുന്നോ, ഈ നൂറ്റാണ്ടിലും ഇതുപോലെയുള്ള ആളുകളുണ്ടോ? കഷ്ടം, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ഇതിന് പിന്നാലെ കമന്‍റിലൂടെ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഒഎംഎ റഷീദ്. ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും മതവും സ്വീകരിക്കാനും അഭിമാനം കൊള്ളാനും അവകാശമുള്ള രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയുടെ ആത്മാവിനെ ഉൾകൊള്ളാൻ കഴിയാത്തവരാണ് ഇന്ന് കലി തുള്ളുന്നതെന്നും റഷീദ് പറയുന്നു
കുറിപ്പ്
എന്‍റെയും മകളുടെയും ഫോട്ടോയാണ് സൈബറിടത്തിൽ വിവാദമായിട്ടുള്ളത്. ഇത് കണ്ട് ഒളിച്ചോടാനൊന്നും തത്കാലം കരുതുന്നില്ല. വൈവിധ്യങ്ങളുടെ പേരാണ് ഭാരതം. ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും മതവും സ്വീകരിക്കാനും അഭിമാനം കൊള്ളാനും അവകാശമുള്ള രാജ്യമാണ് ഇന്ത്യ. നോർത്ത് ഇന്ത്യയിൽ പൂർണ നഗ്നരായ ഹിന്ദു സന്യസിമാരുണ്ട്. പഞ്ചാബിൽ തലപ്പാവും കൃപാണവും ധരിച്ച സിഖ്ക്കാരുണ്ട്. മുഖവും മുൻകയ്യും ഒഴികെ മുഴുവനും മൂടുന്ന കന്യസ്ത്രീകളും, പള്ളിയഛൻമാരുമുണ്ട്. തലപ്പാവും ശുഭ്രവസത്രവും ധരിച്ച മുസ്ലിം പണ്ഡിതരുണ്ട്. നിഖാബും പർദ്ദയും ധരിച്ച മുസ്ലിം സ്ത്രീകളുമുണ്ട്.
മുഴുവസ്ത്രവും, പാതി വസ്ത്രവും, ഷോർട്ടും ധരിക്കുന്നവരും ഇന്ത്യയിലുണ്ട്. കാവിയും, വെള്ളയും, കറുപ്പും ധരിക്കുന്നവരുമുണ്ട്. ഇവരെല്ലാം ചേർന്നതാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യയുടെ ആത്മാവിനെ ഉൾകൊള്ളാൻ കഴിയാത്തവരാണ് ഇന്ന് കലി തുള്ളുന്നത്. ഇതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഒരു വെല്ലുവിളി. യോജിപ്പുകൾക്ക് നന്ദി,വിയോജിപ്പുകളോടും നന്ദി.