അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ നേര്‍ന്ന് മമ്മൂട്ടി. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഭാരവാഹികള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പതിവില്‍ നിന്ന് വിപരീതമായി താരസംഘടനയുടെ തലപ്പത്ത് വനിതകള്‍ എത്തുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ശ്വേത മേനോന്‍ 'അമ്മ' പ്രസിഡന്റായും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നടന്‍ ദേവനെയാണ് ശ്വേത തോല്‍പ്പിച്ചത്. ആദ്യമായാണ് താരസംഘടനയ്ക്ക് വനിതാ പ്രസിഡന്‍റിനെ ലഭിക്കുന്നത്. ഉണ്ണി ശിവപാലാണ് ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ലക്ഷ്മിപ്രിയ,ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മോഹൻലാൽ ഒഴിവായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനെതിരെ മത്സരിച്ചത് ദേവനാണ്. ജനറൽ സെക്രട്ടറിയാകാൻ കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലിനെതിരെ അനൂപ് ചന്ദ്രനാണ് മത്സരിച്ചത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ രാവിലെ 9.30നാണ് അമ്മ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി.